കോട്ടയം : നഗരമദ്ധ്യത്തിൽ ശാസ്ത്രി റോഡിൽ കാലിന് പരിക്കേറ്റ കൊല്ലം സ്വദേശി മരിച്ചത് തലയ്ക്ക് പരിക്കേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊല്ലം മുളവന ഇടമല മുകളുവിള വീട്ടിൽ ബിജു (46)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 8 ന് നാഗമ്പടത്തു വച്ചുണ്ടായ അടിപിടിയിലാണ് ഇയാളുടെ തലയ്‌ക്കും കാലിനും പരിക്കേറ്റത്. പൊലീസ് കൺട്രോൾ റൂം വാഹനത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല. മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ ആശുപത്രിയിലേയ്‌ക്കു റഫർ ചെയ്‌തെങ്കിലും ശാസ്ത്രി റോഡിൽ ആംബുലൻസ് ഡ്രൈവറും, ആശുപത്രിയിലെ അറ്റൻഡറും ചേർന്ന് ഇറക്കി വിടുകയായിരുന്നുവെന്നാണ് വിവരം.
മതിയായ പരിചരണവും ചികിത്സയും ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് സൂചന. രോഗിയെ റോഡരികിൽ ഇറക്കി വിട്ടതിൽ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിർമ്മൽ ബോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.