യാത്രാമദ്ധ്യേ കമ്പംമേട്ടിൽ വച്ച് പൊലീസ് തടഞ്ഞു നിരീക്ഷണത്തിലാക്കി

കോട്ടയം : കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആസ്‌ട്രേലിയയിൽ നിന്ന് ഡൽഹി വഴി പാലായിലേയ്‌ക്ക് യാത്ര തിരിച്ച പ്രവാസി വനിതയ്‌ക്ക്. ഡൽഹിയിൽ നിന്ന് പാലായിലേക്ക് ടാക്‌സിയിൽ വരുന്നതിനിടെയാണ് ഇവരെ കമ്പംമേട്ടിൽ തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 65 കാരിയായ ഇവരും ഭർത്താവും മാർച്ച് 5 നാണ് ആസ്ട്രേലിയയിലേയ്‌ക്ക് തിരിച്ചത്. എന്നാൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 20 ന് ഇവരെ ആസ്‌ട്രേലിയയിൽ നിന്ന് തിരികെ അയച്ചു. 21 ന് ഡൽഹി എയർപോർട്ടിലെത്തി. തുടർന്ന് 15 ദിവസം നിരീക്ഷണത്തിലാക്കി. ഏപ്രിൽ 13 ന് ഡൽഹിയിൽ നിന്ന് കാർ മാർഗം നാട്ടിലേക്ക് തിരിച്ചു. 16 ന് വാഹനം കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ പൊലീസ് തടഞ്ഞു. 17 ന് പൊലീസ് ഇവരെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ നിരീക്ഷണത്തിലാക്കി. സാമ്പിളും പരിശോധനയ്ക്കയച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. 71 വയസുകാരനായ ഭർത്താവിന്റെ പരിശോധനാഫലം നെഗറ്റീവാണ്.

രോഗിയുടെ സഞ്ചാരപഥം

മാർച്ച് 5 ന് ആസ്‌ട്രേലിയയിൽ പോയി

മാർച്ച് 20 ന് തിരിച്ചു അയച്ചു

21ന് ഡൽഹിയിൽ വിമാനം ഇറങ്ങി

15 ദിവസം നിരീക്ഷണത്തിലാക്കി

13 ന് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക്

16 ന് കമ്പംമെട്ടിൽ തടഞ്ഞു

17ന് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ