
കോട്ടയം: തമിഴ്നാട്ടിൽ കോവിഡ് -19 വ്യാപകമായതോടെ ഇടുക്കി ജില്ലയിലെ അതിർത്തികളിൽ പുലർച്ചെ ആരംഭിച്ച പരിശോധന അതിശക്തമായി തുടരുകയാണ്. അതിർത്തിയിലെ ഊടുവഴികളിലൂടെ തൊഴിലാളികളെ കൊണ്ടുവരുന്ന ജീപ്പുകൾ പൊലീസ് പിടിച്ചെടുത്തു. തൊഴിലാളികളെ തമിഴ്നാട്ടിലേക്ക് മടക്കിയയച്ചു.
ഒരാഴ്ചമുമ്പുതന്നെ ഇടുക്കി ജില്ലയിൽ തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ച് തോട്ടം ഉടമകൾ തൊഴിലാളികളെ തമിഴ്നാട്ടിൽ നിന്നും എത്തിച്ച് ജോലി ചെയ്യിപ്പിച്ചുവരികയായിരുന്നു. ഇത് തുടർന്നാൽ തോട്ടം ഉടമകൾക്കെതിരെ കേസ് എടുക്കുമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ മധു വ്യക്തമാക്കി. ഊടുവഴികളിലൂടെ എത്തുന്നത് തടയാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
തമിഴ്നാട്ടിൽ നിന്നും വരുന്ന ചരക്ക് ലോറികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഈ ലോറികളിൽ ആളുകളെ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന പൊലീസ് ശക്തമാക്കിയത്. പച്ചക്കറി, അരി, സവാള ലോറികളിലാണ് കടത്ത് ഏറെയും നടക്കുന്നത്.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടിലെത്തിക്കാൻ ചില സർക്കാർ ഉദ്യോഗസ്ഥർ സർക്കാർ വാഹനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി കൂടാതെ മറ്റ് ചെക്ക് പോസ്റ്റുകളിലൂടെയും ഇത്തരത്തിൽ പ്രവർത്തനം നടക്കുന്നതായി വിവരമുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായി നടപടി ഉണ്ടാവുമെന്ന് അധികൃതർ പറഞ്ഞു.