കോട്ടയം: നാഗമ്പടം മഹാദേവ ക്ഷേത്രോത്സവത്തിലെ പ്രധാന വഴിപാടായ ഇളനീർതീർത്ഥാടനത്തിന് കാരണഭൂതനായ തിരുവാതുക്കൽ പയ്യംപ്ലാക്കിൽ എ.കെ.ആനന്ദൻ (82) നിര്യാതനായി.സംസ്കാരം നടത്തി .ഭാര്യ തങ്കമണി, മക്കൾ. അരുൺ, ഗീതമ്മ, ആനന്ദബോസ്, മരുമക്കൾ: ഹരിദാസ്, സുനിത,ഗീത.കഴിഞ്ഞ വർഷം ഇളനീർതീർത്ഥാടനം ജൂബിലി ആഘോഷിച്ചപ്പോൾ കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ ആനന്ദനെ ആദരിച്ചിരുന്നു.
ഒരു പാഴ്സൽ കമ്പനിയിൽ ചുമട്ടു തൊഴിലാളിയായിരുന്ന ആനന്ദൻ സി.പി.എം ശക്തി കേന്ദ്രമായിരുന്ന കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ കോൺഗ്രസിന്റെ വളർച്ചയിലും നിർണായക പങ്കുവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായി . ദീർഘകാലം കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റായിരുന്ന പി.ജി രാധാകൃഷ്ണന്റെ ഒപ്പവും പ്രവർത്തിച്ചു. ഭാര്യ തങ്കമണിക്ക് ഇരുപത്തഞ്ചു വർഷം മുമ്പ് കാൻസർ വന്നപ്പോൾ ഗുരുദേവ ഭക്തനായ ആനന്ദൻ നാഗമ്പടത്തപ്പന് ഇളനീർ തീർത്ഥാടനം നടത്താമെന്ന് വഴിപാട് നേർന്നു. ഭാര്യയുടെ അസുഖം പിന്നീട് ഭേദമായി. ആ വിശ്വാസത്തിൽ ഊന്നിനിന്നാണ് അന്യമതസ്ഥരും അന്യദേശക്കാരുമടക്കം ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ഇളനീർ തീർത്ഥാടനത്തിന് വലിയ പ്രചാരം ലഭിച്ചത്. ഇളനീർതീർത്ഥാടനം കൺവീനറായി വർഷങ്ങളോളം പ്രവർത്തിച്ചു. എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ നേരിട്ടു നടത്തിയപ്പോഴും ആനന്ദനായിരുന്നു രക്ഷാധികാരി. കഴിഞ്ഞവർഷം ഇളനീർ തീർത്ഥാടനത്തിൽ അന്യമതസ്ഥരായ സ്ത്രീകൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ സ്ത്രീകൾ പങ്കെടുത്തിരുന്നു.
എല്ലാം നാഗമ്പടത്തപ്പന്റെ അനുഗ്രഹം എന്ന വിശ്വാസത്തിലാണ് ആനന്ദൻ ജീവിതം മുന്നോട്ടുനയിച്ചത്. ' പി.ജി.രാധാകൃഷ്ണൻ കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റായിരുന്ന കാലത്ത് ഒരു സന്ധ്യാനേരം നാഗമ്പടം മഹാദേവ ക്ഷേത്ര മുറ്റത്തിരുന്ന് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തെക്കുറിച്ചോർത്ത് മഹാദേവന്റെ വിഗ്രഹവും നോക്കി ആനന്ദൻ അറിയാതെ കരഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലം സംഭവിച്ചാൽ നാഗമ്പടം ക്ഷേത്രത്തിലെ കൽവിളക്കിൽ തലയടിച്ച് മരിക്കുമെന്നും മനസിലുറപ്പിച്ചു. അന്നു രാത്രി ഉറക്കത്തിൽ ആരോ ചെവിയിൽ മന്ത്രിക്കുന്നതു പോലെ തോന്നി. ഭാര്യയുടെ അസുഖത്താൽ വിഷമിക്കേണ്ട. ഇളനീർകൊണ്ട് അഭിക്ഷേകം ചെയ്യൂ...
പിറ്റേദിവസം എസ്.എൻ.ഡി.പി യൂണിയൻ നേതാക്കളെ കണ്ടു ഇളനീർ തീർത്ഥാടനത്തിന് അനുമതി ചോദിച്ചു. ഉത്സവത്തിനിടെ അഭിഷേകം ചെയ്യാൻ അനുമതി നൽകി. വീടുകൾ കയറിയിറങ്ങി ഇളനീർ തീർത്ഥാടനത്തെ പറ്റി പറഞ്ഞു. ആദ്യ തവണ നൂറോളം സ്ത്രീകൾ പങ്കെടുത്തു. തിരുവാതുക്കൽ ഗുരുധർമ സമിതി ഓഡിറ്റോറിയത്തിൽ മുൻസിപ്പൽ ചെയർമാൻ എൻ.കെ.പൊതുവാളാണ് ആദ്യ തീർത്ഥാടനം ഉദ്ഘാടനം ചെയ്തത്.