രംഗം: 1

പ്രളയത്തിന് ശേഷം നാടുണർന്നു. പോയതെല്ലാം തിരികെ പിടിക്കാനുള്ള ഊർജിത ശ്രമം. ആറു മാസത്തെ ഉത്സവ സീസണിലൂടെ കരകയറാമെന്ന മോഹത്തിൽ നാടക ട്രൂപ്പുകളെല്ലാം സജീവമായി. ഒരുവർഷത്തെ തയ്യാറെടുപ്പ് . കഥയും തിരക്കഥയും എഴുതി റിഹേഴ്സലും പൂർത്തിയായി അരങ്ങിലേയ്ക്ക്.

രംഗം2

അത്യാവശ്യം ബുക്കിംഗ്. എങ്ങും സജീവം. പക്ഷേ, സന്തോഷം അധികം നീണ്ടില്ല. കഥയിലില്ലാത്ത വില്ലനെ കണ്ട് എല്ലാവരും ഞെട്ടി. ചൈനയിൽ നിന്ന് വന്ന വില്ലനെ പേടിച്ച് എല്ലാവരും ഓടിയൊളിച്ചു. നാട് ലോക് ഡൗണിൽ. കർട്ടൺ വീണു!

 സ്ക്രിപ്പ്റ്റിൽ ഇല്ലാത്തത് ...

കോട്ടയം: ഡിസംബർ മുതൽ മേയ് വരെ ആറുമാസം നാടകം കളിച്ചു കിട്ടുന്ന തുക കൊണ്ട് ഒരു വർഷം ജീവിക്കുന്നവരാണ് അഭിനേതാക്കളും അണിയറ പ്രവർത്തകരും. ഇവരിപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ്.

രംഗപശ്ചാത്തലം തയ്യാറാക്കുക, സംഗീതമൊരുക്കുക, സംവിധായകർക്കും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഡ്വാൻസ്, അങ്ങിനെ നാലു മുതൽ 12 ലക്ഷം വരെ പണം മുടക്കിയാണ് ഒരു നാടകത്തിന്റെ പിറവി. ചെലവും ലാഭവും അടുത്ത നാടകത്തിന് മൂലധനവും സീസണിലാണ് കണ്ടെത്തുന്നത്. ഏറ്റവും കൂടുതൽ വേദികൾ ലഭിക്കുന്ന മാർച്ചിൽ തന്നെ ലോക്ക് ഡൗൺ തുടങ്ങിയത് കാര്യങ്ങൾ വഷളാക്കി. ബുക്കിംഗുകളെല്ലാം റദ്ദായി. മേയിൽ ലോക്ക് ഡൗൺ പിൻവലിച്ചാലും അപ്പോഴേക്കും ഉത്സവങ്ങളും ആഘോഷങ്ങളും അവസാനിക്കും. ഓരോ ട്രൂപ്പിനും നാലു ലക്ഷത്തിന് മേൽ നഷ്ടം.

 ഡയലോഗ്

''സംഗീത നാടക അക്കാഡമിയുടെ ക്ഷേമ പദ്ധതിയിൽപ്പെടുത്തി സമിതികൾക്ക് രണ്ടുലക്ഷം രൂപ വായ്പ നൽകണം. സംഗീത നാടക അക്കാഡമി നടപ്പാക്കുന്ന പ്രതിവാര നാടക പരിപാടിയുടെ ഭാഗമായി സമിതികൾക്ക് എട്ടു നാടകം വീതം അവതരിപ്പിക്കാൻ അരങ്ങുകൾ കൊടുത്താൽ തന്നെ വായ്പാ തുക അടഞ്ഞു തീരും. ജൂൺ, ജൂലായ് മാസത്തിൽ വായ്പ കൊടുത്താൽ എട്ടു മാസത്തിനുള്ളിൽ വായ്പ അടയ്ക്കാനാകും.''

പ്രദീപ് മാളവിക, സംസ്ഥാന വൈസ് പ്രസിഡന്റ്

കേരള ഡ്രാമ വർക്കേഴ്‌സ് വെൽഫയർ അസോ.