കോട്ടയം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന തലത്തിൽ മിന്നുന്ന നേട്ടം സ്വന്തമാക്കി കോട്ടയം. കഴിഞ്ഞ സാമ്പത്തിക വർഷം 152.2 കോടി രൂപ ചെലവഴിച്ചപ്പോൾ 62.32 ശരാശരി തൊഴിൽ ദിനങ്ങളും സൃഷ്ടിച്ചു.

ബ്ളോക്ക് തലത്തിൽ വൈക്കവും പഞ്ചായത്ത് തലത്തിൽ ഉദയനാപുരവും ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. വൈക്കം 818972 , ഉദയനാപുരം 198442.

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് വളർത്തു മൃഗപരിപാലനത്തിന് കാലിതൊഴുത്തുകൾ, ആട്ടിൻ കൂടുകൾ, കോഴിക്കൂടുകൾ എന്നിവ നിർമിക്കാൻ സഹായം നൽകി. സർക്കാർ സ്‌കൂളുകളിൽ ഭക്ഷണ മുറി, അടുക്കള, ചുറ്റുമതിൽ എന്നിവയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രധാന നിർമാണ പ്രവൃത്തികൾ,

അഞ്ച് അങ്കണവാടികൾ പൂർത്തിയാക്കി. 26 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിൽ അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിനുള്ള മിനി എം.സി.എഫുകളുടെ നിർമ്മാണവും വിജയകരമായി നടപ്പാക്കി. ഏറ്റവും കൂടുതൽ മിനി എം.സി എഫുകൾ നിർമ്മിച്ചിട്ടുള്ള ബ്ലോക്ക് ഈരാറ്റുപേട്ടയും പഞ്ചായത്ത് തലപ്പലവുമാണ്.

ഇനിയുള്ള ലക്ഷ്യം

 ഓരോ വാർഡിലും 50 കമ്പോസ്റ്റ് പിറ്റും 50 സോക്പിറ്റും

 പന്നിക്കൂട്, ഫാം കുളം, കിണർ എന്നിവ നിർമ്മിക്കും

 കിണർ റീ ചാർജിംഗ്, ഫല വൃക്ഷ തൈകളുടെ വിതരണം

 ശ്രദ്ധേയമായ നേട്ടങ്ങൾ

മീനച്ചിലാർ- മീനന്തറയാർ- കൊടൂരാർ നദീ സംയോജന പദ്ധതിയിൽ നടപ്പാക്കിയ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പരിസ്ഥിതി സംരക്ഷണത്തിനും കയർ മേഖലയിലെ മാന്ദ്യം പരിഹരിക്കുന്നതിനും ലക്ഷ്യമിട്ട് 1042500 ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം ഉപയോഗിച്ചു.

തൊഴിൽ ലഭിച്ചത്:

61,672 കുടുംബങ്ങൾക്ക്

 100 തൊഴിൽദിനങ്ങൾ

14,724 കുടുംബങ്ങൾക്ക്