പാലാ: രാമപുരം പഞ്ചായത്തിലെ ഉപ്പൂണി ചിറമുഖം ഭാഗത്ത് നിർമ്മിക്കുന്ന ചെക്ക്ഡാമിന്റെ നിർമ്മാണ പുരോഗതി മാണി.സി.കാപ്പൻ എം.എൽ.എ വിലയിരുത്തി. എം.എൽ.എ നിർമ്മാണ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു. നിർമ്മാണ സാധന സാമഗ്രികളും തൊഴിലാളികളെയും മുടക്കം കൂടാതെ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പാടുചെയ്യാൻ മാണി.സി.കാപ്പൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് നിർദേശം നൽകി. നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി ആയതിനെത്തുടർന്നാണ് ചെക്ക്ഡാമിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
കൂടപ്പുലം ജനകീയ ശുദ്ധജല വിതരണ പദ്ധതിക്ക് സമീപമാണ് ചെക്ക്ഡാം നിർമ്മിക്കുന്നത്. കാർഷിക ആവശ്യത്തിനും കുടിവെള്ളക്ഷാമം പരിഹരിക്കാനും ഈ ചെക്കുഡാം പ്രയോജനപ്പെടും. പഞ്ചായത്ത് മെമ്പർമാരായ എം.പി ശ്രീനിവാസൻ, ജീനസ് നാഥ്, മിനി ശശി, നേതാക്കളായ എം റ്റി ജാന്റീഷ്, എം.പി കൃഷ്ണൻ നായർ, പയസ് രാമപുരം, എം ആർ രാജു, പി.എ മുരളി, മാത്തുക്കുട്ടി എബ്രാഹം, സലിം ഇല്ലിമൂട്ടിൽ ഇറിഗേഷൻ വകുപ്പ് അസി.എൻജിനീയർ മനോജ് സി.സി എന്നിവർ സന്നിഹിതരായിരുന്നു.