വൈക്കം: റേഷൻകട വഴി വിതരണത്തിന് എത്തിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ പാർട്ടി ഓഫീസിൽ സൂക്ഷിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കട ഉപരോധിച്ചു. സി.പി.ഐ ഓഫീസ് പ്രവർത്തിക്കുന്ന തൊട്ടടുത്ത മുറിയിൽ സൂക്ഷിച്ചിരുന്ന കിറ്റുകൾ പൊലീസെത്തി റേഷൻ കടയിലേക്ക് മാറ്റിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഇന്നലെ രാവിലെ ടി.വി.പുരം കവലയിൽ പ്രവർത്തിക്കുന്ന റേഷൻ കടയിലാണ് സംഭവം. സൗജന്യ കിറ്റ് വിതരണം പാർട്ടിയുടെ പേരിലാക്കാനുള്ള നീക്കമാണിതെന്നാരോപിച്ചാണ് ബി.ജെ.പി റേഷൻകടയ്ക്കു മുന്നിൽ സമരം നടത്തിയത്. ബുധനാഴ്ച വൈകിട്ടാണ് കിറ്റുകൾ എത്തിച്ചത്. കേന്ദ്ര സർക്കാർ പദ്ധതിയനുസരിച്ചുള്ള സൗജന്യ അരിയും സംസ്ഥാന സർക്കാരിന്റേതായി അടുത്ത മാസം വിതരണം ചെയ്യാനുള്ള സൗജന്യ അരിയും കഴിഞ്ഞ ദിവസമാണ് എത്തിച്ചത്. ഇത് സൂക്ഷിച്ചിരിക്കുന്നതിനാൽ സ്ഥലസൗകര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് സി.പി.ഐ ഓഫീസ് പ്രവർത്തിക്കുന്ന മുറിയിൽ സൂക്ഷിച്ചതെന്ന് കടയുടമ സൈജു പറഞ്ഞു. കിറ്റുകൾ സൂക്ഷിക്കാൻ സൗകര്യം നൽകണമെന്ന് കടയുടമ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് ഓഫീസ് വിട്ടുനൽകിയതെന്ന് സി.പി.ഐ ടി.വി.പുരം ലോക്കൽ സെക്രട്ടറി ബി. സദാനന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ചങ്ങനാശേരി മാടപ്പള്ളി എൻ.ഇ.എസ് ബ്ലോക്കിലെ 112-ാം കടയ്ക്കു സമീപത്തെ സി.പി.എം പാർട്ടി ഓഫീസിലെ ഹാളിൽ സൗജന്യ കിറ്റുകൾ സൂക്ഷിച്ചതിനെതിരെയും ബി.ജെ.പി പ്രതിഷേധിച്ചിരുന്നു. പ്രശ്നം വിവാദമായതോടെ കിറ്റുകൾ മുഴുവൻ അന്നു രാത്രി കടഉടമയുടെ വീട്ടിൽ എത്തിച്ചു. സി.പി.എം ഓഫീസിൽ കിറ്റുകൾ ഇറക്കിവച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു. കടയിൽ സ്ഥലമില്ലാത്തതിനാലും വീട്ടിലേക്ക് ദൂരക്കൂടുതൽ ഉള്ളതിനാലുമാണ് പാർട്ടി ഓഫീസ് ഹാളിൽ കിറ്റുകൾ സൂക്ഷിച്ചതെന്നാണ് കടഉടമ പറഞ്ഞത്.