പൊൻകുന്നം: കൊവിഡ് നിയന്ത്രണങ്ങൾ മൂലം വിദ്യാഭ്യാസ വായ്പകൾക്ക് ഒരുവർഷത്തേക്ക് പലിശ രഹിത മൊറൊട്ടോറിയം അനുവദിക്കണമെന്ന് ആന്റോ ആന്റണി എം.പി.ആവശ്യപ്പെട്ടു. കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലാണ്.

പ്രവാസി സമൂഹത്തിന്റെ കരുണയിലാണ് പല രാജ്യങ്ങളിലും വിദ്യാർത്ഥികൾ കഴിയുന്നത്. ന്യൂഡൽഹിയിൽ വീട്ടുവാടക കൊടുക്കാൻ നിർവാഹമില്ലാത്ത കുട്ടികളെ കെട്ടിട ഉടമകൾ പുറത്താക്കാൻ നീക്കം നടത്തുന്നതായും പരാതി ഉയരുന്നുണ്ട്.

വായ്പ പലിശരഹിത മൊറൊട്ടോറിയം ആക്കിയില്ലെങ്കിൽ പലിശയും കൂട്ടുപലിശയുമുൾപ്പെടെ പിന്നീട് വൻബാദ്ധ്യതയായി മാറും. ഇക്കാര്യം സൂചിപ്പിച്ച് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. അനുകൂല നിലപാടിനായി സംസ്ഥാന സർക്കാരും ശ്രമിക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു.