കോട്ടയം: കൊവിഡ് വിമുക്ത ജില്ലയെന്ന പേരിൽ ഗ്രീൻ സോണിൽ കയറിയെങ്കിലും ജില്ലയ്ക്ക് വിനയായത് അമിത ആത്മവിശ്വാസം. ആയിരങ്ങൾ ദിവസവുമെത്തുന്ന കോട്ടയം ചന്തയിൽ ലോഡിംഗ് തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കളി കാര്യമായത്. പനച്ചിക്കാട് പഞ്ചായത്തിലുള്ള ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചതോടെ ജില്ല ഓറഞ്ച് സോണിലായി. നിലവിൽ മൂന്ന് പേരാണ് രോഗബാധിതരായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.
രോഗം ബാധിച്ച് തമിഴ്നാട്ടിൽ നിന്ന് എത്തിയ ലോറിഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന ആളിൽ നിന്നാണ് മാർക്കറ്റിലെ തൊഴിലാളിക്ക് രോഗം ബാധിച്ചത്. ലോറി ഡ്രൈവർക്ക് രോഗം ബാധിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ആളെ ലോഡുമായി വിടുകയായിരുന്നു. 19ന് വൈകിട്ട് എത്തിയ ലോഡ് 20നാണ് ഇറക്കിയത്. ഇയാളുമായി തൊഴിലാളി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്നുമില്ല. എന്നിട്ടും രോഗം ബാധിച്ചതോടെയാണ് ആശങ്ക ഉടലെടുത്തത്. ലോഡ് ഇറക്കിയ 17 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ആദ്യം പഴംകട അടച്ചു പൂട്ടിയെങ്കിൽ ഇന്നലെ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ചന്ത പൂർണമായും അടച്ചു. ഇന്ന് അണുവിമുക്തമാക്കും.
ആശങ്കയിൽ ജനം
കോട്ടയം ചന്തയിൽ മുന്നൂറോളം തൊഴിലാളികളുണ്ട്. ലോഡിംഗ് തൊഴിലാളികൾ ഇരുന്നൂറോളം വരും. കടയുടമകളും സാധനം വാങ്ങാനെത്തുന്നവരും അടക്കം ലോക്ക് ഡൗൺ കാലത്ത് പോലും ആയിരത്തിലേറെപ്പേർ ദിവസവും എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആശങ്കയുടെ ആഴം വർദ്ധിക്കുന്നത്. ചന്തയിലെ മുഴുവൻ തൊഴിലാളികളുടേയും പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ചന്ത അടച്ചതിന് പുറമേ ചന്തയിലൂടെയുള്ള എം.എൽ. റോഡിലെ ഗതാഗതവും നിരോധിച്ചു. ചന്തയും രോഗബാധ സ്ഥിരീകരിച്ചവരുടെ വീടുകൾ സ്ഥിതിചെയ്യുന്ന മേഖലകളും ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിച്ചുണ്ട്.
ഹോട്ട് സ്‌പോട്ടുകൾ
പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകൾ
കോട്ടയം 20,29,36,37വാർഡുകൾ
കോട്ടയം ജില്ല ഗ്രീൻ സോണിൽ നിന്ന് ഒാറഞ്ചിലേയ്ക്ക്