പൊൻകുന്നം:ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ആഘോഷങ്ങളില്ലാതെ പത്താമുദയ ഉത്സവം നടത്തി. നാലമ്പലത്തിനുള്ളിൽ പണ്ടാര അടുപ്പിൽ മേൽശാന്തി കെ.എസ്. ശങ്കരൻ നമ്പൂതിരിയും, കെ.എസ്. രഞ്ജിത്തും ചേർന്ന് പൊങ്കാല നിവേദ്യം തയ്യാറാക്കി.

തുടർന്ന് കുരുതിയും കലശാഭിഷേകവും നടത്തി. എണ്ണക്കുട അഭിഷേകം നടന്നു. വടക്കുംഭാഗം കരയിൽ നിന്ന് പത്താമുദയത്തിന് നടത്താറുള്ള കുംഭകുടഘോഷയാത്രക്ക് പകരം പ്രതിനിധിയായി കോയിക്കൽ ബാലചന്ദ്രൻപിള്ള കുംഭകുടം നിറച്ച് ദേവിക്ക് മുൻപിലാടി. ശ്രീകോവിലിൽ നിന്ന് വാളും ശൂലവും അഭിഷേകത്തറയിൽ എത്തിച്ച് മേൽശാന്തി കുംഭകുടം അഭിഷേകം നടത്തി ഉത്സവച്ചടങ്ങുകൾ സമാപിച്ചു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ഭക്തജന സാന്നിദ്ധ്യം ഇല്ലാതെയാണ് ഉത്സവം പൂർത്തീകരിച്ചത്. ദേവസ്വം ഖജാൻജി ടി.പി.രവീന്ദ്രൻപിള്ള, മാനേജർ പി.ജി.ഗോപിനാഥപിള്ള എന്നിവർ മേൽശാന്തിക്ക് ദക്ഷിണ നൽകി പ്രസാദം സ്വീകരിച്ചു.