കോട്ടയം: വിദേശരാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നത് തടഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് മനുഷ്യത്വരഹിതമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് രോഗബാധയില്ലാതെ മരണം സംഭവിക്കുന്നവരേയും അതത് രാജ്യത്ത് തന്നെ സംസ്‌ക്കരിക്കണം എന്നാണ് ആഭ്യന്തരവകുപ്പ് നിർദേശിക്കുന്നത്. മാതൃനാട്ടിൽ തന്നെ ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ മരണാനന്തര ചടങ്ങുകൾ നടത്തുകയെന്നത് ഏതൊരു പൗരന്റേയും അവകാശമാണ്. ലോക്ക് ഡൗൺ കാലത്ത് വിദേശങ്ങളിൽ മരിച്ച 60 ഓളം ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കാർഗോ വിമാനങ്ങളിൽ നാട്ടിലെത്തിട്ടിട്ടുണ്ട്. ആ സംവിധാനമാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. ഈ തീരുമാനം പിൻവലിക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു.