പാലാ: ലോക്ക് ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്നവർക്കായി വലവൂർ സർവീസ് സഹകരണബാങ്കിന്റെ ആശ്വാസപദ്ധതികൾ. കാരുണ്യസ്പർശം ചികിത്സാസഹായത്തിനൊപ്പം കരൂർ പഞ്ചായത്തിലെ നിർധനരായ കിടപ്പുരോഗികൾക്ക് ചികിത്സാ സഹായമായി 1000 രൂപാവീതവും മുഖ്യമന്ത്രിയുടെ കൊവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുലക്ഷം രൂപയും നൽകി. അംഗങ്ങളെ സാമ്പത്തികമായി സഹായിക്കാൻ ഒരു കുടുംബത്തിന് 25000 രൂപവരെ ദുരിതാശ്വാസ പലിശ രഹിത സ്വർണ്ണപ്പണയ വായ്പാ മൂന്ന് മാസ കാലാവധിയ്ക്ക് മെയ് 31വരെ നൽകാൻ ഭരണസമിതി തീരുമാനിച്ചു. കർഷകർക്ക് ആറ് ശതമാനം പലിശനിരക്കിൽ 25000 രൂപവരെ ഉദാരമായ ജാമ്യവ്യവസ്ഥയിലും വസ്തു ഈടിൻമേൽ മൂന്നുലക്ഷം രൂപവരെയും, വസ്തു ഇല്ലാത്തവർക്ക് പാട്ടകൃഷിക്ക് നിബന്ധനകളോടെയും റബർ, തെങ്ങ്, പച്ചക്കറി, ഇഞ്ചി, മഞ്ഞൾ സമ്മിശ്രകൃഷി, കോഴി, ആട്, പശു, മത്സ്യം വളർത്തൽ തുടങ്ങിയവയ്ക്ക് വായ്പ നൽകും. നെൽകർഷകർക്ക് 25000 രൂപാവരെ പലിശ രഹിത വായ്പ അനുവദിക്കും. ആശ്വാസ പദ്ധതികളും നിലവിലുള്ള നിക്ഷേപ, വായ്പാ, ജി.ഡി.സി. എസ്/ചിട്ടി പദ്ധതികളും ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് കെ.ജെ ഫിലിപ്പ് കുഴികുളം അറിയിച്ചു.