പാലാ: കോയമ്പത്തൂരിലെ ആശുപത്രിയിൽ അടിയന്തിര നേത്രചികിത്സയ്ക്കായി പോയശേഷം നാട്ടിലേയ്ക്ക് മടങ്ങും വഴി വാളയാർ ചെക്കു പോസ്റ്റിൽ കുടുങ്ങിയ കുരുന്നിനും കുടുംബത്തിനു സഹായകമായി മുഖ്യമന്ത്രി. മാണി സി കാപ്പൻ എം എൽ എയുടെ നിർണ്ണായക ഇടപെടലിലൂടെയാണ് കുരുന്നിനും മാതാപിതാക്കൾക്കും വാളയാർ ചെക്കു പോസ്റ്റ് കടക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പാസ് അനുവദിച്ചത്.
മൂവാറ്റുപുഴ സ്വദേശിയായ സനീഷും ഭാര്യ സംഗീതയുമാണ് ഇവരുടെ നാലു വയസുകാരനായ മകൻ സാവിയോയ്ക്കായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അടിയന്തിര നേത്ര ശസ്ത്രക്രിയയ്ക്കായി 19ന് കോയമ്പത്തൂർ അരവിന്ദ് ആശുപത്രിയിലേയ്ക്ക് പോയത്.
ശസ്ത്രക്രിയയ്ക്കു ശേഷം ഇന്നലെ തിരികെ വാളയാർ ചെക്കു പോസ്റ്റിൽ ഉച്ചയ്ക്ക് 12 മണിയോടെ എത്തി.
കേരളത്തിൽ പ്രവേശിക്കാൻ പാസ് എടുക്കാൻ ഓൺലൈനിൽ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇക്കാര്യം ഉദ്യോഗസ്ഥരോട് പലതവണ പറഞ്ഞുന്നെങ്കിലും നടപടിയായില്ല. തിരികെ പോകാൻ അവർ നിർദ്ദേശിച്ചു. തമിഴ്‌നാട്ടിൽ പരിചയമില്ലാത്തതിനാൽ തിരികെ പോകാനും ഇവർക്കു സാധിക്കാതെ വന്നു.തുടർന്നു കുട്ടിയുടെ മുത്തച്ഛൻ മേവട പത്മകുമാർ മാണി. സി .കാപ്പൻ എം. എൽ. എ യുമായി ബന്ധപ്പെടുകയായിരുന്നു. എം.എൽ. എ മുഖ്യമന്ത്രിയുടെ ഒാഫീസ് വഴി യാത്രാനുമതി നേടിക്കൊടുത്തു.