എലിക്കുളം: പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സാന്ത്വന പരിചരണ വിഭാഗം കൊവിഡ് നിയന്ത്രണ പശ്ചാത്തലത്തിലും സജീവം. കിടപ്പുരോഗികൾക്ക് ദൈനംദിന സേവനവുമായി ആരോഗ്യപ്രവർത്തകർ രംഗത്തുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ. ടി.എ. പദ്മരാജൻ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സാന്ത്വന പരിചരണ വിഭാഗവുമായോ ആശുപത്രിയുമായോ ബന്ധപ്പെട്ടാൽ എല്ലാ സൗകര്യവും ലഭ്യമാക്കും. മുറിവുകൾ ശുചിയാക്കി മരുന്നുവയ്ക്കൽ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുടെ പരിശോധന, ആഹാരം കഴിക്കുന്നതിനും മൂത്രം പോകുന്നതിനുമുള്ള ട്യൂബുകൾ യഥാസമയം മാറ്റിവയ്ക്കൽ തുടങ്ങിയ നിരന്തരപ്രവർത്തനങ്ങളാണ് ഇവരിലൂടെ ലഭ്യമാകുന്നത്. നിലവിൽ 170 വീടുകളിൽ പാലിയേറ്റീവ് നഴ്‌സ് കെ. ഷീബയുടെ നേതൃത്വത്തിലുള്ള സംഘം പരിചരണം നൽകുന്നുണ്ട്. വീൽചെയർ, വാക്കിംഗ് സ്റ്റിക്, വാക്കർ, എയർബെഡ് തുടങ്ങിയ സഹായോപാധികളും ലഭ്യമാക്കുന്നുണ്ട്. എല്ലാ വ്യാഴാഴ്ചയും കിടപ്പുരോഗികൾക്കുള്ള ഒ.പിയും പ്രവർത്തന സജ്ജമാണ്. പഞ്ചായത്തംഗങ്ങൾ, ആശാപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പ്രവർത്തനം നടക്കുന്നത്. ആശാപ്രവർത്തകർ ഗൃഹസന്ദർശനത്തിനിടെ സഹായമാവശ്യമുള്ളവരെ കണ്ടെത്തിയാൽ സംഘം സേവനവുമായെത്തും. കൂടാതെ ആശുപത്രിയിൽ നിന്ന് ഇവർക്കാവശ്യമായ മരുന്നുകളും ലഭ്യമാക്കുന്നുണ്ട്. സ്വകാര്യാശുപത്രികളുടെ ചികിത്സയിൽ വീട്ടിൽ കഴിയുന്നവർക്കും സേവനം നൽകുന്നുണ്ട്.