അടിമാലി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് ലഭിക്കുകയും അടിമാലി താലൂക്കാശുപത്രിയിൽ ചികത്സതേടിയെത്തുന്നവരുടെ എണ്ണമേറുകയും ചെയ്തതോടെ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മാർഗ്ഗനിർദ്ദേശമൊരുക്കി ആശുപത്രി അധികൃതർ.രോഗികൾ കൃത്യമായി സാമൂഹിക അകലം പാലിക്കണമെന്നും രോഗികളുമായി എത്തുന്ന വാഹനങ്ങൾ പുറത്ത് നിർത്തി രോഗികളെ ഇറക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.ക്യാഷാലിറ്റി ബ്ലോക്കിന് മുമ്പിലൂള്ള കവാടത്തിലൂടെ മാത്രമെ രോഗികൾക്ക് അകത്തേക്ക് പ്രവേശനമുള്ളു.അകത്തു കയറും മുമ്പ് കവാടത്തിൽ നിന്നും കൈകൾ ശുചീകരിക്കണം.മാസ്‌ക്ക് ധരിക്കാത്തവരെ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിക്കില്ല.അവശരായ രോഗികൾക്കൊപ്പമല്ലാതെ മറ്റ് രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരെ അനുവദിക്കില്ല.ഒ പി കൗണ്ടറിൽ ചീട്ടെടുക്കാൻ നിൽക്കുന്നവർ ഒരു മീറ്റർ അകലം പാലിക്കണം.ജനറൽ ഒപിയിൽ ഒരേ സമയം അഞ്ച് പേർക്ക് മാത്രമെ പ്രവേശനാനുമതിയൊള്ളു.അത്യാവശ്യഘട്ടങ്ങളിൽ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാകും.നിർദ്ദേശങ്ങളുമായി ആശുപത്രിയിൽ എത്തുന്ന രോഗികൾ സഹകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പ്രസീത പറഞ്ഞു.സുരക്ഷ കണക്കിലെടുത്ത് ആശുപത്രിയിൽ എത്തുന്ന എല്ലാ രോഗികളുടെയും ഒരു മാസത്തെ യാത്രാവിവരങ്ങളും ആശുപത്രിയിൽ ശേഖരിക്കുന്നുണ്ട്.മറയൂർ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിൽ നിന്നെത്തുന്നവർ അവരുടെ ഒരു മാസത്തെ യാത്രാവിവരങ്ങൾ അതാത് മേഖലകളിലെ ആരോഗ്യപ്രവർത്തകരുടെ പക്കൽ നിന്നും സത്യവാങ്ങ്മൂലമായി രേഖപ്പെടുത്തി വാങ്ങി അടിമാലി താലൂക്കാശുപത്രിയിൽ സമർപ്പിക്കണം.ഫാർമസിയിലും മരുന്നുവാങ്ങാൻ സാമൂഹിക അകലം പാലിക്കണം.ഇതിനായി ഫാർമസിക്ക് മുമ്പിൽ വെയിറ്റിംങ്ങ് ഏരിയയും ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.ക്യാഷ്വാലിറ്റിയിൽ എത്തുന്ന രോഗികൾ വോളന്റിയർമാരുടെ നിർദ്ദേശം പാലിക്കാൻ തയ്യാറാകണംടോക്കൺ മുഖേന ലാബിലും തിരക്ക് നിയന്ത്രിക്കും.പ്രസവ സംബന്ധമായ കാര്യങ്ങൾ മുടക്കമില്ലാതെ മുമ്പോട്ട് പോകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.