പാലാ:' ഞാൻ ജനങ്ങൾക്കൊപ്പമാ' ലാലിച്ചൻ ഉറപ്പോടെ പറഞ്ഞാൽ, സ്വന്തം കരൾ കേൾക്കാതിരിക്കുമോ? അതല്ലേ, ഈ സഖാവിന്റെ കരളുറപ്പ്..... കറുപ്പിൽ വെള്ളി കെട്ടിയ താടി തടവി, മുണ്ടൊന്നു മുറുക്കിയുടുത്ത് തലപ്പൊക്കത്തിൽ സഖാവ് നടന്നുവരുമ്പോൾ ഒപ്പമുള്ളവർക്കും ഉത്സാഹം. ജനകീയ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞു നിൽക്കാൻ സഖാവ് ലാലിച്ചൻ ജോർജ്ജിനാവില്ല. അത് പ്രളയമായാലും കൊവിഡായാലും ലാലിച്ചൻ കർമ്മരംഗത്ത് സജീവമാകും. കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ ആളായതിനാൽ വിശ്രമം വേണമെന്ന നിർദ്ദേശമുണ്ടെങ്കിലും ജനകീയ പ്രശ്‌നങ്ങൾ വന്നാൽ കരളുറപ്പുമായി ലാലിച്ചൻ കളത്തിലുണ്ടാവും. വീട്ടുകാരും സഹപ്രവർത്തകരും നിർബന്ധിച്ചാലും സ്‌നേഹത്തിന്റെ ഭാഷയിൽ അവരെ 'ധിക്കരിക്കും.' വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഉള്ള പരിഭവവും പരാതിയും ലാലിച്ചന്റെ ഈ ജനകീയ പ്രവർത്തനത്തിനു വഴിമാറുകയാണ് പതിവ്. ആ പതിവ് കൊവിഡ് കാലത്തും തെറ്റിക്കാൻ ലാലിച്ചൻ തയാറായില്ല.

ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ ലാലിച്ചന്റെ ചിന്ത ഭക്ഷണം കിട്ടാത്തവരുടെ പ്രശ്‌നമായിരുന്നു. മാണി സി കാപ്പൻ എം.എൽ.എയുമായി കൂടിയാലോചിച്ചു. എം.എൽ.എയുടെ സഹോദരൻ അഡ്വ. ജോർജ്.സി.കാപ്പൻ പ്രസിഡന്റായ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണം ഉറപ്പിച്ചു.

തുടർന്നു അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരമറ്റത്ത് സാമൂഹ്യ അടുക്കള തുറന്നു. വിജയൻനായരുടെ നേതൃത്വത്തിൽ ആറു പേർ കലവറയുടെ ചുമതല സൗജന്യമായി ഏറ്റെടുത്തു. നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരായ റോയി ഫ്രാൻസീസ്, പ്രസാദ് പെരുമ്പള്ളിൽ, സുഷമ രഘു, ജിജി ജോണി, സിജി പ്രസാദ്, ബിനു പുളിയ്ക്കക്കണ്ടം എന്നിവർക്കൊപ്പം പി എം ജോസഫ്, എ എസ് ജയപ്രകാശ്, കെ അജി, എം എസ് ശശിധരൻ, ബിജു വർക്കി, ഒ എം മാത്യു, ഷാർളി മാത്യു, കെ കെ ഗിരീഷ്, മാലിനി അരവിന്ദ്, പി സുഭാഷ്, എം ജി രാജു, പി ജി അജിത് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ലാലിച്ചൻ ജോർജ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ലാലിച്ചൻ ജോർജ്. ഒന്നര വർഷം മുമ്പാണ് ലാലിച്ചന്റെ കരൾ മാറ്റി വെച്ചത്. മകൾ മിലന്റെ കരളിൽ പാതി അച്ഛന് നൽകുകയായിരുന്നു. മിലനിപ്പോൾ ബാംഗ്ലൂരിൽ ബി.ഫാം വിദ്യാർത്ഥിനി. മകൻ മിഥുൻ കാനഡയിൽ .ഭാര്യ സോളി കരൂർ അന്ത്യാളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരിയാണ്.