കോട്ടയം: മാർച്ച് 15ന് തുറക്കേണ്ട തണ്ണീർമുക്കം ബണ്ട് മേയ് 10ന് ശേഷം തുറന്നാൽ മതിയെന്ന തീരുമാനം വേമ്പനാട്ട് കായലിനെയും കുട്ടനാട്,അപ്പർ കുട്ടനാടൻ മേഖലയെയും അതി ഗുരുതരമായ മലിനീകരണത്തിൽ മുക്കും . ജലമലിനീകരണം മൂലം എലിപ്പനി,ഡെങ്കിപ്പനി എന്നിവ പല സ്ഥലങ്ങളിലും പടർന്നു തുടങ്ങിയത് സ്ഥിതി സങ്കീർണ്ണമാക്കുന്നു.
ഡിസംബർ 15ന് അടച്ച് മാർച്ച് 15നാണ് തണ്ണീർമുക്കം ബണ്ട് സാധാരണ തുറക്കുക. പ്രളയം കാരണം നെൽകൃഷി ആരംഭിക്കുന്നത് വൈകിയതോടെ ബണ്ട് തുറക്കുന്നതും വൈകി. കൊയ്ത്ത് ഇനിയും പൂർത്തിയായിട്ടില്ല .കൊവിഡ് നിയന്ത്രണം കാരണം കൊയ്ത് ദിവസങ്ങളോളം മുടങ്ങി. പിന്നീട് ഇളവ് അനുവദിച്ചെങ്കിലും ആവശ്യത്തിന് കൊയ്തു യന്ത്രം തമിഴ്നാട്ടിൽ നിന്ന് എത്താത്തതും കൊയ്തു വൈകാൻ കാരണമായി. 50 ശതമാനത്തിന് മുകളിൽ പാടങ്ങളിലേ കൊയ്തു പൂർത്തിയായുള്ളുവെന്നാണ് പാട ശേഖര സമിതിക്കാർ പറയുന്നത്.
ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാരും ഇരു ജില്ലകളിലെയും വിവിധ വകുപ്പ് മേധാവികളും ജനപ്രതിനിധികളുമടങ്ങുന്ന സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തിയാണ് ബണ്ട് തുറക്കുന്ന തിയതി തീരുമാനിക്കുക. കൊവിഡ് കാരണം സമിതി ഇതുവരെ കൂടിയിട്ടില്ല. പകരം മേയ് 10ന് ശേഷം ബണ്ട് തുറന്നാൽ മതിയെന്ന് സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.
ബണ്ട് അടഞ്ഞു കിടക്കുന്നതിനാൽ ഒഴുക്കു നിലച്ച് മലിനമായ പുഴകളിലേയോ ആറുകളിലെയോ വേമ്പനാട്ട് കായലിലയോ വെള്ളം കുടിക്കാനേ പറ്റില്ല. കുളിക്കാനോ തുണി അലക്കാനോ ഉപയോഗിക്കാൻ കഴിയുന്നില്ല. ജലഗതാഗതവും ബുദ്ധിമുട്ടിലായി. കൊവിഡ് കാരണം പൊതുഗതാഗതം നിലച്ചതോടെ വൈക്കം , കൊച്ചി ഭാഗത്തെ ബന്ധു വീടുകളിലേക്ക് വള്ളങ്ങളിൽ പോകുന്നവരുണ്ട്. പായൽ നിറഞ്ഞു കിടക്കുന്നതും ബണ്ട് തുറക്കാത്തതും ഇവരുടെ യാത്ര ബുദ്ധിമുട്ടിലാക്കി. ഷട്ടറിനോട് ചേർന്നുള്ള പ്രത്യേക കവാടം തുറന്ന് ഇരുവശത്തെയും ജലനിരപ്പ് ഒരു പോലാക്കിയാലേ വള്ളങ്ങൾക്കും മറ്റും കടന്നു പോകാൻ കഴിയൂ.
ബണ്ട് തുറക്കുന്നത്
മേയ് 10ന്
4 മാസത്തിൽ കൂടുതൽ ബണ്ട് അടഞ്ഞു കിടക്കും
ഇതുമൂലം കായൽ ജലമലിനീകരണം രൂക്ഷമായി
പടിഞ്ഞാറൻ മേഖല പകർച്ചവ്യാധി ഭീഷണിയിൽ
ജയിംസ് കമ്മിഷൻ റിപ്പോർട്ട് പ്രകാരം മാർച്ച് 15ന് ബണ്ട് തുറക്കണമെന്ന നിബന്ധന നടപ്പാക്കണം . ഇനിയും വൈകിയാൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ നിർബന്ധിതരാകും
സംയുക്ത വേമ്പനാട്ട് കായൽ സംരക്ഷണ സമിതി