പാലാ: നഗരത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. കട്ടക്കയം റോഡിൽ ഗണേഷ് ട്രേഡിംഗ്‌സ് എന്ന സ്ഥാപനത്തിലാണ് അഗ്‌നിബാധയുണ്ടായത്. വാട്ടർ പമ്പ് സെറ്റുകളുടെയും അനുബന്ധ സാധനങ്ങളുടെയും വിൽപ്പയും സർവീസിംഗും നടന്നുന്ന സ്ഥാപനമാണ് കത്തിനശിച്ചത്.കടയുടെ ഒരു ഭാഗം പൂർണ്ണമായി കത്തി നശിച്ചു.രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ കെ.ആർ ഷാജിമോൻ പറഞ്ഞു.ഇന്നലെ രാവിലെ 8 മണിയോടെയാണ് കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. സ്ഥാപന ഉടമ ഗണേഷ് സമീപത്ത് തന്നെയാണ് താമസിക്കുന്നത്. പാലാ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു. മാണി.സി.കാപ്പൻ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ മേരി ഡൊമിനിക്, വാർഡ് കൗൺസിലർ ബിജി ജോജോ എന്നിവർ സ്ഥലത്തെത്തിയിരുന്നു.