വൈക്കം: ജല അതോറിറ്റിയുടെ സ്ഥലത്ത് ഫ്‌ളാറ്റ് നിർമിക്കാനുള്ള നഗരസഭയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം. നഗരസഭയ്ക്കും തലയാഴം വെച്ചൂർ ടിവിപുരം, പഞ്ചായത്തുകൾക്കും 25 എംഎൽഡി കപ്പാസിറ്റിയുള്ള ജലശുദ്ധീകരണ ശാല നിർമിക്കാൻ പദ്ധതി തയാറാക്കിയ സ്ഥലത്താണ് ഫ്‌ളാറ്റ് നിർമാണം നടത്താൻ നഗരസഭ ലക്ഷ്യമിടുന്നത്. നിലവിലുള്ള തലയാഴം കുടിവെള്ള പദ്ധതി പ്രകാരം വ്യക്തി ഒന്നിന് ഒരുദിവസം 200ലിറ്റർ വെള്ളം ആവശ്യമാണ്. 70ലിറ്റർ വെള്ളം മാത്രമാണ് ലഭിക്കുന്നത്. വെച്ചൂർ, തലയാഴം, ടിവിപുരം പഞ്ചായത്തിൽ ആവശ്യമായ അളവിൽ കുടിവെള്ളം എത്തിക്കാൻ സാധിക്കുന്നില്ല.
സമീപ പഞ്ചായത്തുകൾക്കുള്ള വെള്ളമാണ് നഗരസഭയ്ക്കു വിതരണം നടത്തുന്നത്. പഞ്ചായത്തുകൾക്ക് അവർക്ക് ആവശ്യത്തിന് വെള്ളം നൽകേണ്ട സാഹചര്യം ഉണ്ടായാൽ നഗരസഭയ്ക്കു നിലവിൽ കിട്ടുന്ന വെള്ളം ലഭിക്കാതാകും. വൈക്കം നഗരസഭയ്ക്കു നിലവിൽ കുടിവെള്ള പദ്ധതിയില്ല. ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിച്ചാണ് ജല അതോറിറ്റിയുടെ ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമം നടത്തുന്നതെന്ന് ആരോപണമുണ്ട്. നിലവിലുള്ള ജല അതോറിറ്റിയുടെ സ്ഥലം ഫ്‌ളാറ്റ് നിർമാണത്തിനു കൈമാറിയാൽ വരും കാലങ്ങളിൽ വൈക്കത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള മാർഗം ഇല്ലാതാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.