രാജാക്കാട്: കൊവിഡ്​- 19 ന്റെ പശ്ചാത്തലത്തിൽ 'കരുതലോടെ കേരളം, കരുത്തേകാൻ ആയുർവേദം' എന്ന സന്ദേശത്തോടെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി രാജാക്കാട് പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ 'ആയുർശുദ്ധി ' നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഗൃഹാന്തരീക്ഷത്തിലെ അണുക്കളുടെയും കൊതുകിന്റെയും സാന്നിദ്ധ്യം കുറയ്ക്കാൻ ഉപകരിക്കുന്ന 'ആയുർവേദ ഔഷധചൂർണം' ഉപയോഗിച്ച് ഒരു ദിവസം ഒരേ സമയം രാജാക്കാട് പഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും പുകയ്ക്കും. മേയ് ഒന്നിന് വൈകിട്ട് അഞ്ചിന് രാജാക്കാട് ഗ്രാമം ഒന്നാകെ ഇതിൽ പങ്കെടുക്കും. ഇതിന് ആവശ്യമായ ആയുർവേദ ഔഷധച്ചൂർണ്ണം ഏപ്രിൽ 28, 29, 30 തീയതികളിൽ രാജാക്കാട് പഞ്ചായത്തിന്റെ സന്നദ്ധ സേവകർ വീടുകളിൽ എത്തിച്ചു നൽകും. എല്ലാ ജനങ്ങളും ഈ പ്രതിരോധ പ്രവർത്തനം ഏറ്റെടുത്ത് പങ്കാളികളായി വിജയമാക്കണമെന്ന് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി, രാജാക്കാട് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എം.എസ്. നൗഷാദ് എന്നിവർ അറിയിച്ചു.