lakshi
മരിച്ച ലക്ഷ്മി

കോട്ടയം: പ്രസവത്തെ തുടർന്ന് തെള്ളകം മെറ്റേര ആശുപത്രിയിൽ യുവതി മരിച്ചു. കോട്ടയം ബാറിലെ അഭിഭാഷകനായ പേരൂർ തച്ചനാട്ടേൽ ടി.എൻ. രാജേഷിന്റെ ഭാര്യ ജി.എസ്. ലക്ഷ്മിയാണ് (41) മരിച്ചത്. അരീപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയാണ്. ഇവർ ജന്മം നൽകിയ പെൺകുഞ്ഞ് സുഖമായിരിക്കുന്നു. അതിനിടെ മരണത്തിനു കാരണം ചികിത്സാപ്പിഴവാണെന്നു കാട്ടി ബന്ധുക്കൾ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.

മേയ് 11 നായിരുന്നു പ്രസവ തീയതി കണക്കാക്കിയിരുന്നത്. എന്നാൽ,​പതിവ് പരിശോധനയ്‌ക്കായി ഏപ്രിൽ 23ന് ആശുപത്രിയിൽ എത്തിയ ലക്ഷ്‌മിയെ രക്തസമ്മർദ്ദം കുറഞ്ഞതിനാൽ അഡ്‌മിറ്റ് ചെയ്തു. 24ന് പ്രസവ വേദനയ്‌ക്കുള്ള മരുന്ന് നൽകി. വൈകിട്ട് നാലരയോടെ പെൺകുഞ്ഞിന് ജന്മം നൽകി. ലക്ഷ്‌മിയെയും കുഞ്ഞിനെയും ബന്ധുക്കളെ കാണിക്കുകയും ചെയ്‌തു.

വൈകിട്ട് അഞ്ചരയോടെ സ്ഥിതി ഗുരുതരമാണെന്നും അമിത രക്‌തസ്രാവം ഉണ്ടായെന്നും ബന്ധുക്കളെ അറിയിച്ചു. ഇതിനിടെ രണ്ടുതവണ ഹൃദയാഘാതമുണ്ടായെന്നും ശസ്‌ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്‌തെന്നും ആശുപത്രി അധികൃതർ പറഞ്ഞതും സംശയത്തിനിടയാക്കി. രാത്രി 8.45 ന് ലക്ഷ്‌മി മരിച്ചു.
അമിത രക്തസ്രാവമാണ് മരണകാരണമെന്ന് മേറ്റേര ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്‌കരിച്ചു. എസ്.എം.വി ഗ്ലോബൽ സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മിയാണ് മകൾ.