കോട്ടയം : ഇന്നത്തെ അക്ഷയതൃതീയ കൊവിഡിൽ മുങ്ങിയെങ്കിലും ഓൺലൈൻ വിപണിയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് സ്വർണ വ്യാപാരികൾ.

സർവ ഐശ്വര്യങ്ങളുടെയും സമൃദ്ധിയുടെയും ദിനമായി സ്വർണം വാങ്ങാൻ ഉത്തമ മുഹൂർത്തമായി കണക്കാക്കുന്ന ദിവസമാണ് തൃതീയ. ഉപഭോക്താക്കൾക്ക് വലിയ സൗജന്യങ്ങൾ നൽകി ഈ വർഷം വൻ കച്ചവടം പ്രതീക്ഷിച്ചിരുന്നെങ്കിലും കടകൾ തുറക്കാനുള്ള ഇളവ് പിൻവലിച്ചതോടെയാണ് ഓൺലൈൻ വഴി യുള്ള സ്വർണക്കച്ചവടത്തിലേക്ക് പ്രമുഖ വ്യാപാരികൾ തിരിഞ്ഞത്. 625 കോടിയുടെ സ്വർണ വില്പനയായിരുന്നു കഴിഞ്ഞ വർഷം നടന്നത്. അതിന് മുമ്പ് 500 കോടിയും. ഈ വർഷം1000 കോടിയായിരുന്നു ലക്ഷ്യം.

ഭാരതീയ ആചാരപ്രകാരം വൈശാഖ മാസത്തിൽ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയ. ദാനം നൽകുന്നതിനും ശുഭകാര്യങ്ങൾക്കും ഏറ്റവും ഉത്തമം. ഈ ദിവസം ഒരു ഗ്രാം സ്വർണമെങ്കിലും വാങ്ങാൻ ജനങ്ങൾ തിക്കിത്തിരക്കാറുണ്ട്. പൊലീസ് കാവലിൽ വരെയായിരുന്നു വില്പന. കഴിഞ്ഞ വർഷം ചില കടകൾ മുഹൂർത്തസമയം രണ്ട് ദിവസം വരെ നീട്ടി റെക്കാഡ് വില്പന ആഘോഷിച്ചിരുന്നു. അക്ഷയ തൃതീയയുടെ മുന്നൊരുക്കങ്ങളും വാഗ്ദാനങ്ങളും നിറഞ്ഞ പരസ്യം വഴി അച്ചടി, ദൃശ്യമാദ്ധ്യമങ്ങൾക്ക് കോടികളുടെ വരുമാനം ലഭിച്ചിരുന്നതാണ്. കൊവിഡിൽ അതും ഇല്ലാതായി .

ഓൺലൈൻ വഴി സ്വർണം ബുക്ക് ചെയ്യുന്നവർക്ക് ലോക്ക് ഡൗണിന് ശേഷം കട തുറക്കുമ്പോൾ വില വർദ്ധനവില്ലാതെ സ്വർണം വാങ്ങാമെന്നതാണ് പ്രധാന ഓഫർ. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറുള്ളതിനാൽ ഡിസംബർ 31 വരെ വിലയിലെ ഏറ്റക്കുറച്ചിൽ ബാധകമാക്കാതെ പ്രമുഖ കടകൾ സ്വർണം നൽകുമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്.

ഓഫർ പെരുമഴ !

ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് (രണ്ട് ഗ്രാം മുതൽ)

ഗ്രാമിന് 50 രൂപ വിലക്കുറവ് . പണിക്കുറവ്, പണിക്കൂലി കിഴിവ്,

ക്രെഡിറ്റ് കാർഡ് പർച്ചേസിന് 5 ശതമാനം അധിക കാഷ് ബാക്ക് ,

ഇൻഷ്വറൻസ്, ബൈബാക്ക് ഗാരന്റി, സ്പെഷ്യൽ ഗിഫ്റ്റ് വൗച്ചർ