പാലാ : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് പൊലീസ്. മാസ്‌കുകൾ ധരിച്ചായിരിക്കണം പുറത്തിറങ്ങേണ്ടതെന്ന പൊലീസ് നിർദ്ദേശം ലംഘിച്ച 50 ഓളം പേർക്കെതിരെ ഇന്നലെ കേസെടുത്തു. നഗരത്തിൽ ഇന്നലെ കർശന പരിശോധനയാണ് നടന്നത്. ആശുപത്രി പരിസരം, ബസ് സ്റ്റാൻഡ്, ളാലം പാലം എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തി. മാസ്‌ക് ധരിക്കാതെത്തിയ വാഹനയാത്രക്കാരെയും നാട്ടുകാരെയും പരിശോധിച്ചു. മാസ്‌ക്കില്ലാത്ത പ്രായമായവരെ താക്കീത് ചെയ്തു വിട്ടയച്ചു. സർക്കാർ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് പരിശോധന നടത്തി. ബാങ്ക്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. സി.ഐ വി.എ.സുരേഷ്, എസ്.ഐ ഹാഷിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധന കർശനമാക്കിയതോടെ അവശ്യ കാര്യങ്ങൾക്കല്ലാതെ എത്തിയവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി.
പാലായിൽ 4 പേർ നിരീക്ഷണത്തിൽ
പാലാ ജനറൽ ആശുപത്രിയിൽ ഈരാറ്റുപേട്ട സ്വദേശികളായ 4 പേർ നിരീക്ഷണത്തിൽ. ഇവർ ഇടുക്കിയിലെ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്. 15 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായിരുന്നു നിർദ്ദേശം. നിരവധി ആളുകൾ അയൽപക്കങ്ങളിലുള്ള ഇവിടെ ഹോം ക്വാറന്റൈൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതോടെ ജില്ലാ കൊറോണ സെല്ലിന്റെ നിർദ്ദേശപ്രകാരമാണ് പാലാ ജനറൽ ആശുപത്രിയിലെ പ്രത്യേകം സജ്ജമാക്കിയ ഐസലേഷൻ വാർഡിലേക്ക് ഇവരെ മാറ്റിയത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
മാസ്‌കില്ലേൽ പിടിവീഴും
ഇന്ന് മുതൽ മാസ്‌ക് വയ്ക്കാത്ത മുഴുവൻ പേർക്കെതിരെയും കേസെടുക്കുമെന്ന് പാലാ ഡിവൈ. എസ്.പി ഷാജിമോൻ ജോസഫ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ, ബാങ്കുകൾ തുടങ്ങി എല്ലായിടത്തും ജോലി ചെയ്യുന്നവരും, പൊതുജനവും മാസ്‌ക് നിർബന്ധമായും ധരിക്കണം. അത്യാവശ്യ യാത്രക്കാരല്ലാത്തവരെ പൊലീസ് കർശനമായി തടയും. ഉൾപ്രദേശങ്ങളിലും പൊലീസ് പട്രോളിംഗുണ്ടാകമെന്നും അദ്ദേഹം പറഞ്ഞു.