പാലാ : ചക്കക്കുരു കൊണ്ട് എന്തൊക്കെയുണ്ടാക്കാം? ചക്കക്കുരു തോരൻ, ചക്കക്കുരുവും മാങ്ങയും ഒഴിച്ചു കറി, പരമാവധി ചക്കക്കുരു ജ്യൂസും, പായസവും. എന്നാൽ മേലുകാവുമറ്റം കോഴിക്കുന്നേൽ പാപ്പുവിന്റെ വീട്ടിലേയ്‌ക്കൊന്നു ചെല്ലണം. ചക്കക്കുരു പത്തിരി , ചക്കക്കുരു ദോശ, ചക്കക്കുരു പുട്ട്, ചക്കക്കുരു ഇഡ്ഡലി, ചക്കക്കുരു ഉള്ളി വട..... തുടങ്ങി ഇരുപതോളം വിഭവങ്ങൾ!
ഇതുകൊണ്ടും തീരുന്നില്ല പാപ്പുവിന്റെ ചക്കപ്പലഹാര കൈപ്പുണ്യം. ചക്കപ്പഴം ബോണ്ട, ചക്കപ്പഴം പൂരി, ചക്കപ്പഴം റോസ്റ്റ്, ചക്ക ബിരിയാണി തുടങ്ങി പതിനഞ്ചോളം സ്വാദിഷ്ടമായ വിഭവങ്ങൾ വേറെയും. മുൻകൂട്ടി അറിയിച്ചിട്ടു ചെന്നാൽ ചക്കയുടെ ലഭ്യത അനുസരിച്ച് ഇവ ഉണ്ടാക്കി നൽകാനും പാപ്പു തയ്യാർ. റബർ ടാപ്പിംഗും അല്പം സ്ഥലക്കച്ചവട ബ്രോക്കറിംഗുമൊക്കെയായി ഉപജീവനം നടത്തുന്ന പാപ്പു, കോവിഡിന്റെ ലോക്ക് ഡൗൺ കാലത്താണ് ചക്ക ഉത്പന്നങ്ങൾ, പ്രധാനമായും ചക്കക്കുരു ഭക്ഷണ വ്യത്യസ്തതകളിലേക്ക് തിരിഞ്ഞത്. ഭാര്യ മിനിയും എൻജിനിയറായ മൂത്ത മകൻ ലിജുവും ഗായകനായ ഇളയ മകൻ ലിബിനും സഹായവുമായി കൂടിയതോടെ ദിവസം നാലു വരെ പുതിയ ചക്കക്കുരു വിഭവങ്ങൾ കോഴിക്കുന്നേലെ തീൻമേശയിൽ നിരന്നു.
പരീക്ഷണാടിസ്ഥാനത്തിൽ സ്വയം തയ്യാറാക്കി കഴിച്ച് ഗുണവും സ്വാദും ബോദ്ധ്യപ്പെട്ട ശേഷം ഇത്തരം പുത്തൻ അറിവുകൾ മറ്റുള്ളവർക്കു പങ്കുവയ്ക്കാനും പാപ്പുവും കുടുംബവും തയ്യാറായി. ചക്കക്കുരു കൈയിലെടുക്കുമ്പോൾ മുതലുള്ള കൃത്യമായ പാചകകാര്യങ്ങൾ വിവരിച്ചുകൊണ്ടുള്ള 'പാപ്പു വ്‌ളോഗ്‌സ് മലയാളം ' യുട്യൂബ് ചാനലും ഇന്ന് ഹിറ്റാണ്. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പാപ്പുവിന്റെ ഭക്ഷ്യവിഭവ നിർമ്മാണ രീതികൾ ചൂടോടെ പറക്കുകയാണ്.
തേനീച്ച കർഷകനും
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തേനീച്ച കർഷകൻ കൂടിയായ ഇദ്ദേഹം വ്യത്യസ്ത തേൻ ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. മരിച്ചീനി കർഷകരെ ബുദ്ധിമുട്ടിക്കുന്ന പന്നി എലിയെ പിടികൂടാനുള്ള ജൈവ കെണി, കരിങ്കോഴി മുട്ട കൊണ്ടുള്ള വെറൈറ്റികൾ തുടങ്ങിയവയും പാപ്പുവിന്റെ ക്രെഡിറ്റിലുണ്ട്. തന്റെ യുട്യൂബ് ചാനൽ കണ്ട് പാചകത്തിന് ഒരുങ്ങുന്നവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകാൻ ഏതു നിമിഷവും പാപ്പു റെഡിയാണ്. ഫോൺ : 9447149138.