ambulance
ആംബുലന്‍സ് രോഗിയെ ഇറക്കിയ ഉടന്‍ തിരികെ പോയതായി പരാതി.

അടിമാലി: ഇടമലക്കുടിയിൽ നിന്ന് രോഗിയുമായെത്തിയ ദേവികുളം പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള 108 ആംബുലൻസ് രോഗിയെ ഇറക്കിയ ഉടൻ തിരികെ പോയതായി പരാതി. മൂന്ന് വയസ്സുകാരനായ കുട്ടിയെ ഗുരുതരാവസ്ഥയിലായിരുന്നു താലൂക്കാശുപത്രിയിൽ എത്തിച്ചത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ കുട്ടിയെ തുടർ ചികത്സയ്ക്ക് അയക്കാൻ തീരുമാനിച്ചു. ഇതിനായി 108 ആംബുലൻസിന്റെ സേവനവും ലഭ്യമാക്കി. എന്നാൽ ആംബുലൻസ് ജീവനക്കാർ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച ശേഷം ഡോക്ടറുടെ തുടർനിർദ്ദേശത്തിന് കാത്ത് നിൽക്കാതെ തിരികെ പോയെന്നാണ് ആക്ഷേപം. താലൂക്കാശുപത്രിയിൽ നിന്ന് രോഗിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശം ലഭിച്ചതോടെ കുട്ടിയെ കൊണ്ടു പോകാൻ ആംബുലൻസില്ലാതെയായി. തുടർന്ന് കൺട്രോൾ റൂം മുഖേന കുട്ടിയെ അടിമാലിയിൽ എത്തിച്ച ആംബുലൻസുമായി ബന്ധപ്പെട്ടപ്പോഴേക്കും വാഹനം പത്ത് കിലോമീറ്ററിലധികം ദൂരം തിരികെ പോയി കഴിഞ്ഞിരുന്നു. ശേഷം ഇതേ ആംബുലൻസ് തിരികെ അടിമാലി താലൂക്കാശുപത്രിയിൽ എത്തുന്നിടം വരെ രോഗിയും ഡോക്ടർമാരും കാത്തിരുന്നു. തന്റെ നിർദ്ദേശമില്ലാതെ എന്തിന് തിരികെ പോയെന്ന താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ ചോദ്യത്തിന് ആംബുലൻസ് ജീവനക്കാർക്ക് മറുപടി ഉണ്ടായിരുന്നില്ല. തുടർന്ന് ഇതേ ആംബുലൻസിൽ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്കയച്ചു.