വൈക്കം : അപ്പർകുട്ടനാട്ടിൽ കൊയ്ത്തുപാടം വേനൽമഴയിൽ കുതിർന്നത് നെൽകർഷകർക്ക് പുറമെ ക്ഷീരകർഷകർക്കും തിരിച്ചടിയായി. വൈക്കോൽ നശിക്കുന്നത് കാലിത്തീറ്റ കിട്ടാത്ത സാഹചര്യത്തിൽ ക്ഷീരകർഷകർക്ക് കനത്ത പ്രഹരമായി. ലോക്ക് ഡൗണിനെ തുടർന്ന് തമിഴ്‌നാട്, ആന്ധ്ര എന്നിവടങ്ങളിൽ നിന്നു കാലിത്തീറ്റ വരവ് നിലച്ചതോടെ കന്നുകാലികൾക്ക് തീറ്റയായി പുല്ലും വൈക്കോലുമാണ് കൂടുതലായി നൽകി വരുന്നത്. കൊയ്ത്തു നടന്നു വരുന്ന പാടങ്ങൾ വേനൽമഴയിൽ വെള്ളത്തിൽ മുങ്ങിയതോടെ പലയിടങ്ങളിലും വൈക്കോൽ ഉപയോഗ്യശൂന്യമായി. അധികം നനഞ്ഞു കുതിരാതെ കിട്ടിയത് വഴിയോരത്ത് നിരത്തിയിട്ട് ഉണക്കിയെടുക്കാൻ ക്ഷീര കർഷകർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. കാലിത്തീറ്റയ്ക്കും തീറ്റ പുല്ലിനും പുറമെ നൽകുന്ന തീറ്റയായാണ് ക്ഷീരകർഷകർ കന്നുകാലികൾക്ക് വൈക്കോൽ നൽകുന്നത്. പാടശേഖരങ്ങളിലെ വൈക്കോൽ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങി നശിച്ചതോടെ ഗ്രാമീണമേഖലയിലെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധി നേരിടുകയാണ്.