പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ ആദ്യഭരണസമിതിയിലെ ജീവിച്ചിരിക്കുന്ന ഏക അംഗത്തെ ആദരിച്ച് ബി.ജെ.പി.പഞ്ചായത്ത് കമ്മിറ്റി. വയലുങ്കൽ എം.ജി. അയ്യപ്പൻ നായരെയാണ് ദേശീയ പഞ്ചായത്ത് രാജ് ദിനാചരണ ഭാഗമായി പ്രവർത്തകർ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചത്. വില്ലേജ് സമിതികളിൽ നിന്നും ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നപ്പോൾ 1953ൽ അധികാരത്തിൽ വന്ന ചിറക്കടവിന്റെ ആദ്യ ഭരണ സമിതി അംഗമായിരുന്നു അയ്യപ്പൻ നായർ. പൊൻകുന്നം ടൗണിലുണ്ടായിരുന്ന ഒറ്റമുറി ഓഫീസും പഞ്ചായത്ത് സെക്രട്ടറിയും രണ്ട് ജീവനക്കാരും മാത്രമായാണ് പഞ്ചായത്ത് പ്രവർത്തിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഒരു വാർഡ് മെമ്പർക്ക് വാർഡില്‍ ചെലവഴിക്കാനുള വികസന ഫണ്ട് 25 രൂപ മാത്രം. സിറ്റിംഗ് ഫീസും ഹോണറേറിയവുമില്ലാതെ സേവന സന്നദ്ധരായാണ് അംഗങ്ങൾ പ്രവര്‍ത്തിച്ചത്.

ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ജി. കേശവൻ നായർ, വൈസ് പ്രസിഡന്റ് പി.എൻ. നാരായണപിള്ള, അംഗങ്ങൾ വണ്ടങ്കൽ ഭാസ്‌ക്കരക്കുറുപ്പ്, കെ.എം. എബ്രഹാം, എൻ. നീലകണ്ഠപിള്ള, തകടിയേൽ ടി.ആർ. സുകുമാരൻ, കുന്നേൽ ശങ്കരൻ നായർ, ചിറ്റാടത്ത് രാഘവൻ നായർ, താന്നുവേലിൽ നാരായണപിള്ള, രാഘവൻപിള്ള, മംഗലശേരിൽ മാധവൻ പിള്ള, തോമസ് കുന്നുംപുറത്ത്, ടി.ഡി.കുഞ്ഞൂഞ്ഞ്, പുരയന്മാക്കൽ കരുണാകരൻ നായർ എന്നിവരായിരുന്നു ഭരണസമിതിയിൽ ഒപ്പമുണ്ടായിരുന്നവരെന്നും അദ്ദേഹം പറഞ്ഞു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ബി.ജെ.പി.പാര്‍ലമെന്ററി പാർട്ടി നേതാവ് കെ.ജി. കണ്ണൻ അയ്യപ്പൻ നായരെ പൊന്നാടയണിയിച്ചു.

ചിത്രവിവരണം-ചിറക്കടവിലെ ആദ്യപഞ്ചായത്ത് ഭരണസമിതിയിലെ അംഗമായിരുന്ന എം.ജി.അയ്യപ്പന്‍ നായരെ ബി.ജെ.പി.നേതാവ് കെ.ജി.കണ്ണന്‍ പൊന്നാട അണിയിക്കുന്നു.