മൂന്നാഴ്ചയോളം കൊവിഡ് ബാധിതരില്ലാത്ത ജില്ലയായി ഗ്രീൻ സോണിൽ നിന്നതിന്റെ ആഹ്ലാദത്തിലായിരുന്ന കോട്ടയം ഓറഞ്ച് സോണിൽ എത്തി. രോഗ ബാധിതരുടെ എണ്ണം കൂടിയതോടെ ഇനി റെഡ് സോണിൽ എത്തുമോയെന്ന ഭീതിയിലാണ് ചുറ്റുവട്ടത്തുള്ളവർ. കേരളത്തിൽ ആദ്യ ഘട്ടത്തിൽ തന്നെ രണ്ട് പേർക്ക് കൊവിഡ് സ്ഥീരീകരിച്ച ജില്ലയായിരുന്നു കോട്ടയം. ശക്തമായ നടപടികളും മുൻ കരുതലും സ്വീകരിച്ചതോടെയാണ് നിയന്ത്രണ വിധേയമാക്കാനും ഏറെ ദിവസം രോഗികളില്ലാത്ത ജില്ലയാകാനും കഴിഞ്ഞത്. ഇനി ആരും പോസീറ്റീവാകില്ലെന്ന അമിത വിശ്വാസത്തോടെ മുൻകരുതലിൽ ജനങ്ങളും ബന്ധപ്പെട്ടവരും അൽപ്പം ഉദാസീനത കാണിച്ചതാണ് കോട്ടയം ഗ്രീനിൽ നിന്ന് ഓറഞ്ചിൽ എത്താൻ കാരണം. അരഡസൻ അളുകൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇനി സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാൻ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് ബന്ധപ്പെട്ടവരോട് പറയാനുള്ളത്. കൊവിഡ് സ്ഥിരീകരിച്ച ഒരാളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലെ പ്രത്യേക വാർഡിൽ എത്തിക്കുന്നതിന് പകരം ആംബുലൻസ് ഡ്രൈവർ അത്യാഹിത വിഭാഗത്തിലെത്തിച്ച് സ്ഥലം വിട്ട ഗുരുതര വീഴ്ച ഉണ്ടായി. മനപൂർവ്വം രോഗ വ്യാപനത്തിന് ഇടയാക്കിയ സംഭവമാണിത്. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. കൊവിഡ് രോഗികളെ കണ്ടത്തുന്ന പഞ്ചായത്തുകൾ പൂർണമായും നഗരസഭകളിലെ വാർഡു മാത്രവും അടച്ചിടുന്ന നടപടിയാണിപ്പോഴുള്ളത്. കോട്ടയത്ത് മൂന്ന് പഞ്ചായത്തും നഗരസഭയിലെ നാലു വാർഡുകളും ഇങ്ങനെ അടച്ചു.ഈ പ്രദേശങ്ങൾ അണുവിമുക്തവുമാക്കി. കോടിമത പച്ചക്കറി മാർക്കറ്റും അടപ്പിച്ചു .അണുവിമുക്തമാക്കി. മാർക്കറ്റ് അടച്ചതോടെ അഴുകിയ പച്ചക്കറികൾ നീക്കം ചെയ്യാൻ കച്ചവടക്കാർക്ക് അവസരം നൽകി. വീണ്ടും അണുവിമുക്തമാക്കി . ജില്ലാ ഭരണകൂടം കൊവിഡ് വ്യാപനം തടയാൻ ഇത്രയും ജാഗ്രത കാണിക്കുമ്പോൾ പൊതുജനങ്ങളിൽ ചിലർ ഇതിനോടൊന്നും സഹകരിക്കാത്തതുപോലെ കൊവിഡ് നിയന്ത്രണം എങ്ങനെയും മറികടക്കാനുള്ള ശ്രമത്തിലുമാണ്. ജനങ്ങൾ അത്യാവശ്യത്തിന് മാത്രമേ വാഹനങ്ങളുമായി റോഡിൽ ഇറങ്ങാവൂ. നിർബന്ധമായും മുഖാവരണം ധരിക്കണമെന്ന കർശന നിർദ്ദേശമുണ്ടായിട്ടും മുഖാവരണമില്ലാതെ നിരവധി ആളുകളാണ് വാഹനത്തിൽ ഇപ്പോഴും തലങ്ങും വിലങ്ങും പായുന്നത്. കൊവിഡിനെതിരായി സ്വീകരിക്കേണ്ട മുൻകരുതൽ പ്രചാരണം വ്യാപകമായി നടത്തിയിട്ടും തങ്ങൾക്ക് ഇതൊന്നും ബാധകമല്ല കൊവിഡ് തങ്ങളെ പിടികൂടില്ലെന്ന ധാർഷ്ട്യത്തിൽ കറങ്ങി നടക്കുന്നവരെ സാമൂഹ്യ ദ്രോഹികളെന്ന് വിളിക്കേണ്ടി വരും. ഇത്തരക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പകൾ ചേർത്ത് കടുത്ത നടപടി ഉണ്ടാവണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്. കൊവിഡ് ഒരു മാസം പിന്നിടുമ്പോൾ കോടികളുടെ നഷ്ടമാണ് ജില്ലയിലെ വ്യാപാര്യ കാർഷിക മേഖലയ്ക്ക് ഉണ്ടായിട്ടുള്ളത്. സ്വർണക്കടകൾ അടഞ്ഞു കിടക്കുന്നതിനാൽ അക്ഷയതൃതീയ കച്ചവടം പൊളിഞ്ഞു. റബർ വെട്ടു നിലച്ചിട്ട് മാസങ്ങളായി. കോടികളുടെ ഉത്പാദന നഷ്ടമാണ് ഇതു മൂലമുണ്ടായത്. കൈതച്ചക്ക അടക്കം മറ്റു കാർഷികോത്പ്പന്നങ്ങൾക്ക് വിപണിയില്ലാതായി. അതേ സമയം കഴിഞ്ഞ ഒരു മാസം മോഷണം പിടിച്ചു പറി കേസുകൾ ഉണ്ടായില്ല. മദ്യ വിൽപ്പന നിലച്ചതോടെ വ്യാജ വാറ്റ് വ്യാപകമായി. ഡ്രോൺ കൂടി ഉപയോഗിച്ചു തുടങ്ങിയതോടെ വ്യാജവാറ്റു സ്ഥലം കൃത്യമായി കണ്ടെത്താൻ കഴിയും. വാറ്റിയെടുക്കുന്നത് കുടിക്കാൻ കിട്ടാത്തവർ കലിപ്പു തീർക്കാൻ ഒറ്റുകാർ ആയി മാറിയതോടെ വ്യാജ വാറ്റു കേസുകളുടെ എണ്ണം കൂടി.എക്സൈസുകാർക്ക് പിടിപ്പത് പണിയായെന്നതാണ് കൊവിഡ് കാലത്തെ പ്രത്യേകത!....