കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു വിട്ടയയ്ക്കപ്പെട്ട രോഗി റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രധാന പ്രതി അറസ്റ്റിൽ. കൊല്ലം മുളവന മകളുവിള വീട്ടിൽ ബിയാത്രോസിന്റെ മകൻ ബിജുവാണ് (46) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ വയത്തൂർ ഉള്ളിക്കൽ മംഗലത്ത് പുത്തൻവീട്ടിൽ ഷിജു എം.ആന്റണിയെ (32) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 21 നാണ് ബിജുവിനെ ശാസ്ത്രി റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജുവിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം റോഡരികിൽ ഇറക്കി വിടുകയായിരുന്നു.

ഏട്ടിനു നാഗമ്പടത്തുണ്ടായ സംഘർഷത്തിൽ ബിജുവിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു. പൊലീസ് കൺട്രോൾ റൂമിന്റെ വാഹനത്തിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ ഷിജു, ക്രിക്കറ്റ് സ്റ്റമ്പിന് ബിജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.