അടിമാലി: ആവശ്യക്കാർ ഏറുകയും ലഭ്യത കുറയുകയും ചെയ്തത് മുതലാക്കി ഹൈറേഞ്ച് മേഖലയിൽ സിമന്റ് വില കുതിച്ചുയർന്നു.സമ്പൂർണ്ണ അടച്ചിടലിനു ശേഷം ചാക്കൊന്നിന് 50 മുതൽ 60 രൂപവരെ വിലവർധനവുണ്ടായത്.നിലവിൽ നാനൂറ്റി അമ്പത് രൂപയാണ് അടിമാലിയടക്കമുള്ള ഇടങ്ങളിലെ സിമന്റ് വില.നാല് മാസം മുമ്പ് 350 രൂപയായിരുന്നു സിമന്റിന് വില.സമ്പൂർണ്ണ അടച്ചിടലിന് തൊട്ടുമുമ്പത് 390ൽ എത്തി.ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരികയും ചെറുകിട നിർമ്മാണ ജോലികൾ ആരംഭിക്കുകയും ചെയ്തതോടെ സിമന്റിന്റെ വില കുതിച്ചു കയറുകയായിരുന്നു.വിലവർദ്ധനവിനൊപ്പം സിമന്റിന് ക്ഷാമം നേരിടുന്നതായും ഉപഭോക്താക്കൾ പറയുന്നു.സമ്പൂർണ്ണ അടച്ചിടലിനെ തുടർന്ന് ഗതാഗതനിരോധനം നിലനിൽക്കുന്നതിനാൽ ആവശ്യമായ സിമന്റ് ഗോഡൗണുകളിൽ എത്തുന്നില്ല..പലയിടങ്ങളിലും ഗോഡൗണുകളിൽ സ്റ്റോക്കുണ്ടായിരുന്ന സിമന്റാണ് ഇപ്പോഴും വിൽപ്പന നടത്തി വരുന്നത്. തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ അവിടെനിന്നുള്ള വാഹനങ്ങൾക്ക് കേരളത്തിലേക്ക് വരാനാവാതെയായി. ഇതും ക്ഷാമത്തിന് പ്രധാന കാരണമാണ്.ക്ഷാമവും ആവശ്യകതയും ചൂഷണം ചെയ്ത് തോന്നുംപടി സിമന്റിന്റെ വിലവർദ്ധിപ്പിക്കുകയാണെന്ന ആക്ഷപവും നിലനിൽക്കുന്നുണ്ട്.പെട്ടന്നുണ്ടായിട്ടുള്ള വിലവർദ്ധനവ് ഭവനനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സാധാരണക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. സമ്പൂർണ്ണ അടച്ചിടലിനെ തുടർന്ന് സിമന്റ് അടക്കമുള്ള നിർമ്മാണ സാമഗ്രികൾക്ക് നേരിടുന്ന ക്ഷാമം നിർമ്മാണമേഖലയിലുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. കൊവിഡുമായി ബന്ധപ്പെട്ട് ദിനംപ്രതി ലഭിക്കുന്ന റിപ്പോർട്ടുകൾ ഒട്ടും ആശ്വാസകരമല്ല എന്നതും കൂടുതൽ ആശങ്കയ്ക്ക് ഇടവരുത്തുകയാണ്.
ബഡ്ജറ്റ് താളം തെറ്റിക്കും
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട് വീടുപണി നടത്തിപ്പോരുന്നവർക്ക് സിമന്റ് ക്ഷാമവും വിലവർദ്ധനവും പല കണക്ക്കൂട്ടലുകളും തെറ്റിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന തുകയ്ക്കൊപ്പം സ്വരുക്കൂട്ടിവെച്ചതും സ്വർണ്ണവും മറ്റും പണയംവച്ച് ലഭിച്ച തുകയുമൊക്കെ ഉപയോഗിച്ച് വീടെന്ന സ്വപ്നം പൂർത്തീകരിക്കാമെന്ന വിശ്വസത്തിന് മേലെയാണ. ഇപ്പോൾ നിർമ്മാണ.സാമഗ്രികളുടെ വില വർദ്ധനവ് കരിനിഴൽ വീഴ്ത്തിയത്.