പാലാ : കതിർമണ്ഡപത്തിൽ വധൂവരന്മാർക്ക് പൊലീസ് വക സമ്മാനം മാസ്‌കുകൾ. ഇന്നലെ ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയിൽ നടന്ന വിവാഹവേദിയിലാണ് മാസ്‌കുകളുമായി രാമപുരം പൊലീസെത്തിയത്. പൂഞ്ഞാർ ചന്ദനപ്പാറയിൽ തങ്കച്ചൻ - മോളി ദമ്പതികളുടെ മകൻ സന്തോഷും രാമപുരം വെള്ളിലാപ്പിള്ളി പുതുക്കളത്തിൽ രാജു - മിനി ദമ്പതികളുടെ മകൾ മീനുവിന്റെയും വിവാഹമാണ് നടന്നത്. തിരക്കിട്ട് പോന്നതിനാൽ നേരത്തേ എടുത്തു വച്ച മാസ്‌കെടുക്കാൻ ഇരുവരും മറന്നു. വിവാഹകാര്യം ഇരുകുടുംബക്കാരും ക്ഷേത്രാധികാരികളും പൊലീസിൽ അറിയിച്ചിരുന്നു. മുഹൂർത്തത്തിന് തൊട്ടു മുൻപ് എസ്.ഐസെബാസ്റ്റ്യൻ, എ.എസ്. ഐ ആന്റണി, ജനമൈത്രി ബീറ്റ് ഓഫീസർ പ്രശാന്ത് കുമാർ എന്നിവർ ക്ഷേത്രത്തിലെത്തി. ഇതിനിടെ വരനും വധുവും മാസ്‌കെടുക്കാൻ മറന്ന വിവരം ചടങ്ങിനെത്തിയ രാമപുരം പഞ്ചായത്തംഗം സോണി ജോണി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. അങ്ങനെയെങ്കിൽ പൊലീസിന്റെ വിവാഹ സമ്മാനമായി മാസ്‌കിരിക്കട്ടെ എന്നാശംസിച്ച് എസ്.ഐ സെബാസ്റ്റ്യൻ മാസ്‌കുകൾ കൈമാറുകയായിരുന്നു.
ഇരു കുടുംബത്തിൽ നിന്നുമായി 13 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. അരമണിക്കൂറിനുള്ളിൽ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി എല്ലാവരും പിരിഞ്ഞു.