പാലാ : കാലിക്കുപ്പികളിൽ അത്ഭുത ചിത്രങ്ങളെഴുതി കോളേജ് വിദ്യാർത്ഥിനി അമൃത.എസ്. നായർ.
നിനച്ചിരിക്കാത്ത നേരത്ത് വന്നുചേർന്ന കൊവിഡ് ലോക്ക് ഡൗൺ കാലം വ്യത്യസ്തമായ കലാസൃഷ്ടിയിൽ ഏർപ്പെട്ട് ഉഷാറാക്കുകയാണ് പാലാ പുലിയന്നൂർ തെക്കുംമുറി പാലയ്ക്കലെ ഈ 19കാരി. നാലുവർഷം മുമ്പ് വീട്ടിലെ കാലിക്കുപ്പികളിൽ തമാശയ്ക്ക് അമൃത തുടങ്ങിയ ചിത്രരചന പിന്നീട് ഹോബിയായി മാറിയപ്പോൾ പിറന്നത് ഒട്ടേറെ മനോഹര സൃഷ്ടികൾ. പാലാ അൽഫോൻസാ കോളേജിൽ രണ്ടാം വർഷ ബി. എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് വിദ്യാർത്ഥിനിയാണ്. ഫാബ്രിക്‌പെയിന്റ് , ടിഷ്യൂ പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് പലതരത്തിലുള്ള കുപ്പി കളിലാണ് വർണവിസ്മയങ്ങൾ തീർക്കുന്നത്. ബോട്ടിൽ ആർട്ടിന് പുറമെ കോഫി പെയിന്റിംഗിലും ഫ്‌ളവർമേക്കിംഗിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊക്കെ ഗൃഹപ്രവേശച്ചടങ്ങിനും പിറന്നാളിനും സമ്മാനമായി കൊടുക്കുന്നത് സ്വന്തം പെയിന്റിംഗുകളാണ്. പാലക്കൽ സനൽകുമാറിന്റയും ഷീജയുടെയും മകളാണ്.
സംഗീതത്തിലും മികവ്
ചിത്രരചനയോടൊപ്പം സംഗീതത്തിലും മികവു തെളിയിച്ചിട്ടുള്ള അമൃത ചില സംഗീത ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.