കോട്ടയം: കൊവിഡ് ബാധിതരുടെ എണ്ണം രണ്ടക്കം കടന്നതോടെ ജില്ല ചുവപ്പ് സോണിലേയ്‌ക്ക്. നാലു ദിവസം കൊണ്ടു പൂജ്യത്തിൽ നിന്നും 11 ലേയ്‌ക്കാണ് ജില്ല എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലയെ റെഡ് സോണിലേയ‌്ക്കു മാറ്റാനുള്ള സാദ്ധ്യത വർദ്ധിച്ചു. ജില്ല വൈകാതെ സാധാരണ ജീവിതത്തിലേയ്ക്കുമടങ്ങുമെന്ന പ്രതീക്ഷയ്ക്കാണ് ഇതോടെ തിരിച്ചടി നേരിട്ടത്.
ഗ്രീൻ സോൺ എന്ന നിലയ്ക്ക് 20 ന് ലഭിച്ച ഇളവുകൾ ജില്ലയിലെ ആളുകൾ പരമാവധി മുതലെടുത്തിരുന്നു. എന്നാൽ, 21 മുതൽ ജില്ല വീണ്ടും കൊവിഡ് പട്ടികയിൽ ഇടം പിടിച്ചു. തമിഴ്‌നാട്ടിൽ നിന്നു പഴങ്ങളുമായി എത്തിയ ലോറി, കോടിമത ചന്തക്കടവിലെ ഫ്രൂട്ട്‌സ് കടയിൽ എത്തിയതോടെയാണ് ജില്ലയിൽ വീണ്ടും രോഗബാധ ഉണ്ടായത്. 23ന് കോടിമത ചന്തക്കടവിലെ ചുമട്ട് തൊഴിലാളിയ്‌ക്കും, പനച്ചിക്കാട്ടെ ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 24 ന് ആർക്കും രോഗം സ്ഥിരീകരിച്ചില്ല. 25 ന് മണർകാട്ടും സംക്രാന്തിയിലും പനച്ചിക്കാട്ടും കൂടി രോഗം സ്ഥിരീകരിച്ചതോടെ മൂന്നു ദിവസം കൊണ്ട് അഞ്ചു പേർക്കായി രോഗം. ഡൽഹിയിൽ നിന്നു കമ്പംമേട്ടിൽ എത്തിയ പാലാക്കാരിയായ വീട്ടമ്മയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ അഞ്ചു പേർക്കു കൂടി രോഗം സ്ഥീരീകരിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ ജില്ലയിൽ ആദ്യമായി കൊവിഡ് രണ്ടക്കം കടന്നു.
ഇന്നലെ രോഗം സ്ഥീരീകരിച്ചവർ
1. വടയാർ സ്വദേശി (53). വിദേശത്തുനിന്ന് എത്തിയ ബന്ധുക്കളുമായി സമ്പർക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. പനിയെത്തുടർന്ന് ചികിത്സ തേടി.
2. ഒളശ്ശ സ്വദേശിയായ ആരോഗ്യപ്രവർത്തകൻ (32). ചുമയെത്തുടർന്ന് പരിശോധനയ്ക്ക് വിധേയനായി
3. ചാന്നാനിക്കാട് സ്വദേശിനിയായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി (25). രണ്ടാഴ്ച്ചയായി ചുമ തുടരുന്ന സാഹചര്യത്തിൽ ചികിത്സ തേടി.
4. തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തകയായ കിടങ്ങൂർ പുന്നത്തറ സ്വദേശിനി (33). ചുമയെത്തുടർന്ന് ചികിത്സ തേടി.
5. വെള്ളൂരിൽ താമസിക്കുന്ന റെയിൽവേ ജീവനക്കാരനായ തമിഴ്നാട് സ്വദേശി (56). മാർച്ച് 20ന് നാഗർകോവിലിൽ പോയി 22ന് മടങ്ങിയെത്തി. പനിയെത്തുടർന്ന് ചികിത്സ തേടി.