കോട്ടയം: കാർഷിക മേഖലയ്ക്ക് കൈത്താങ്ങാകാൻ സഹകരണ പ്രസ്ഥാനം ഗൗരവപൂർവമായ ഇടപെടൽ നടത്തണമെന്ന് കേരള കോൺഗ്രസ് (എം) നേതാക്കളുടെ ഓൺലൈൻ വീഡിയോ കോൺഫറൻസ് ആവശ്യപ്പെട്ടു. 14 ജില്ലാ പ്രസിഡൻ്റുമാരും എം.പിമാരും, എം.എൽ.എമാരും, മുൻ എം.എൽ.എമാരും പങ്കെടുത്തു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസിമലയാളികൾ വലിയ പ്രതിസന്ധിയിലാണ്. ഇവരെ തിരികെ എത്തിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനും നിർദേശങ്ങളും കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. പ്രവാസികളെ തിരികെ എത്തിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ജോസ് കെ.മാണി എം.പി, തോമസ് ചാഴിക്കാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ, മുൻ എം.എൽ.എമാരായ ജോസഫ് എം.പുതുശ്ശേരി, സ്റ്റീഫൻ ജോർജ്, പി.എം മാത്യു തുടങ്ങിയവർ മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.