lock-down-

കോട്ടയം: വട്ടപൂജ്യത്തിൽ നിന്നും മൂന്ന് ദിവസത്തിനുള്ളിൽ 11 കോവിഡ്-19 ബാധിതരെ കണ്ടെത്തിയതോടെ കോട്ടയം മുൾമുനയിൽ. ഇതോടെ കർശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് എത്തി. ഇന്നലെ തന്നെ കർശന നി‌ർദ്ദേശങ്ങൾ ജില്ലാ കളക്ടർ ആരോഗ്യ വകുപ്പിനും പൊലീസിനും കൈമാറിയിരുന്നു. ഇതോടെ ഇന്ന് രാവിലെ കാര്യമായി കാറുകളോ ബൈക്കുകളോ റോഡിൽ ഇറങ്ങിയില്ല. റെഡ് സോണിലുള്ള ജില്ലകളെ അനുസ്മരിക്കുന്ന രീതിയിലായിരുന്നു ഇന്ന് രാവിലെ കോട്ടയം ടൗണിലെ റോഡും വഴിയോരങ്ങളിലെ കടകളും.

അതേ സമയം കോട്ടയത്ത് രോഗം അതിവേഗം പടരുന്നുവെന്ന വാർത്തയെ തുടർന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം കോട്ടയത്തേക്കുള്ള റോഡുകളിൽ പരിശോധന ശക്തമാക്കി. കൂടാതെ പത്തനംതിട്ട-കോട്ടയം ജില്ലകൾ പങ്കിടുന്ന ഇടവഴികൾ അടയ്ക്കാനുള്ള തയാറെടുപ്പിലാണ് പത്തനംതിട്ട ജില്ലാ ഭരണകൂടം. ഇന്ന് രാവിലെ തന്നെ പല ഇടവഴികളും അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തി. റോഡിൽ മണ്ണിറക്കി ഗതാഗതം തടയാനുള്ള ശ്രമത്തിലാണ് പൊലീസ് എന്നറിയുന്നു.

തമിഴ്നാട്ടിൽ നിന്ന് എത്തുന്നവരാണ് ഇടുക്കി ജില്ലയ്ക്ക് ഭീഷണിയാവുന്നത്. ഒളിഞ്ഞും തെളിഞ്ഞും കൂടുതൽ ആളുകൾ കാൽനടയായും എത്തുന്നുണ്ട്. ഇവരെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ പൊലീസ് മേധാവി പി.കെ മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്. കേരള-തമിഴ്നാട് പങ്കിടുന്ന ഊടുവഴികളിൽ കുമളിക്ക് സമീപം തന്നെ നാല് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കിയിരുന്നു.

ഇന്നലെ കോട്ടയം ജില്ലയിൽ അഞ്ച് കോവിഡ്-19 രോഗികളെയാണ് കണ്ടെത്തിയത്. വടയാർ സ്വദേശിയായ 53കാരന് രോഗം വന്നത് വിദേശത്തുനിന്നും എത്തിയ ബന്ധുക്കളുമായുള്ള സമ്പർക്കത്തെ തുടർന്നാണത്രേ. ചുമയെതുടർന്ന് പരിശേോധനയ്ക്ക് എത്തിയപ്പോഴാണ് ഒളശ സ്വദേശിയായ ആരോഗ്യപ്രവർത്തകന് രോഗം സ്ഥിരീകരിച്ചത്. തിരുനവന്തപുരത്ത് ആരോഗ്യപ്രവർത്തകനായ കിടങ്ങൂർ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചത് ചുമയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ്. നാഗർകോവിൽ പോയി തിരിച്ച് എത്തിയപ്പോഴാണ് തമിഴ്നാട് സ്വദേശിയായ റെയിൽവേ ജീവനക്കാരന് കോവിഡ‌് പിടിപെട്ടത്. വർഷങ്ങളായി വെള്ളൂരിൽ താമസിച്ചു വരികയായിരുന്നു 56 കാരനായ ഇയാൾ.

കോട്ടയത്ത് രോഗം പടരുന്നതോടെ കൂടുതൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി നിയന്ത്രണം ഏർപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ഇന്ന് നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചയുണ്ടാവും.