കോട്ടയം : ലോക്ക് ഡൗണിൽ ഷീറ്റ് വില്പന നിലച്ചതോടെ നൂറുകണക്കിന് റബർ വ്യാപാരികളും ആയിരക്കണക്കിന് കർഷകരും ദുരിതക്കയത്തിലായി. ആഴ്ച അവസാനം ഷീറ്റ് വിറ്റു കിട്ടുന്ന പണം കൊണ്ടായിരുന്നു പലരും അടുത്ത ആഴ്ചത്തെ ജീവിതക്രമം ചിട്ടപ്പെടുത്തിയിരുന്നത്. ഇളവുകൾ പലതും ലഭിച്ചിട്ടും കരകയറാനാകുന്നില്ലെന്ന് റബർ കർഷകർ പറയുന്നു. ഏപ്രിൽ ആദ്യ ആഴ്ചയിൽ റെയിൻ ഗാർഡിംഗിന് അനുമതി ലഭിച്ചെങ്കിലും അതിനാവശ്യമായ പ്ലാസ്റ്റിക്ക്‌, ഷേഡ്‌, പശ, ചില്ല് എന്നിവയുടെ ഉത്പാദനം, ചരക്ക് ഗതാഗതം എന്നിവ ഇല്ലാത്തത് തിരിച്ചടിയായി. റബർ വില്പനയ്ക്ക്‌ അനുമതിയില്ലാത്തതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. സർക്കാർ മറ്റ് പല മേഖലകളിലും നിരവധി സഹായങ്ങൾ പ്രഖ്യാപിച്ചെങ്കിലും റബർ മേഖലയ്ക്ക് വേണ്ട പരിഗണന നൽകിയില്ലെന്നാണ് ആക്ഷേപം.

കൈയുറ നിർമ്മാണവും വൈകും

റബർ പാലുത്പാദനം നീണ്ടുപോകുന്ന സാഹചര്യത്തിൽ ലാറ്റക്സ്‌ ഫാക്ടറിയുടെ കൈയുറയുടെയും ഗ്ലൗസുകളുടെയും മറ്റ് ഉത്പന്നങ്ങളുടെയും നിർമ്മാണം വൈകും. ഉത്പാദിപ്പിക്കപ്പെടുന്ന റബർ പാൽ ലാറ്റക്സ്‌ കമ്പനിയിലെത്തിക്കാൻ അനുമതിയുണ്ടെങ്കിലും വിതരണക്കാർ തയ്യാറാകുന്നില്ല. വേനൽ മഴ ശക്തി പ്രാപിക്കുന്നത് ലാറ്റക്സ് മേഖലയെയും ഗുരുതരമായി ബാധിക്കും.

ലോക് ഡൗണിന് മുമ്പ്

കിലോയ്ക്ക് : 134

ലോക് ഡൗണിന് ശേഷം :

കിലോയ്ക്ക് 115 രൂപ

ചൈനയിലെ തിരിച്ചടി
റബർ ഉപഭോഗത്തിൽ മുന്നിലായിരുന്ന ചൈനയിലെ വ്യവസായ മേഖല കൊവിഡിനെ തുടർന്ന് തിരിച്ചടി നേരിട്ടതാണ് വിലയിടിവിന് പ്രധാന കാരണം. ചൈനയിൽ വാഹന വില്പനയും നാമമാത്രമായി. ക്രൂഡോയിലിന്റെ വില കുറഞ്ഞത് കൃത്രിമ റബർ വില കുറയാനും ഇടയാക്കി. ഇത് ഇന്ത്യയടക്കം സ്വാഭാവിക റബർ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളെയാണ് ഏറെ ദോഷകരമായി ബാധിച്ചത്.