പൊൻകുന്നം: മനസറിഞ്ഞ് സഹായം, അത് വ്യക്തികളായാലും സംഘടനകളായാലും... കൊവിഡ് കാലത്ത് എലിക്കുളം ഗ്രാമപഞ്ചായത്ത് തുടങ്ങിവെച്ച സമൂഹ അടുക്കളയെ അക്ഷരാർത്ഥത്തിൽ നാട്ടുകാർ ഏറ്റെടുക്കുകയായിരുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു രൂപപോലും ചെലവഴിക്കാതെയാണ് കഴിഞ്ഞ ഒരു മാസമായി സമൂഹ അടുക്കള പ്രവർത്തിക്കുന്നത്. എല്ലാവരും മത്സരിച്ച് സഹായം എത്തിക്കുമ്പോൾ എന്തിന് പഞ്ചായത്ത് ഫണ്ട്. നാട്ടുകാരും വിവിധ സംഘടനകളും നൽകുന്ന സംഭാവനയിലൂടെയാണ് ഭക്ഷണം ഒരുക്കുന്നത്. പണമായും പച്ചക്കറിയായും പലവ്യഞ്ജനമായും വ്യക്തികളും സംഘടനകളും കഴിവുപോലെ കൈയയച്ച് സഹായിക്കുന്നു.പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവിയും മറ്റ് അംഗങ്ങളും സന്നദ്ധസേവകരോടൊപ്പം അടുക്കളയുടെ നടത്തിപ്പിൽ പങ്കാളികളാകുന്നു.പാചകം മുതൽ പാഴ്‌സൽവരെ എല്ലാരംഗത്തും സാന്നിദ്ധ്യമറിയിക്കുന്ന പ്രസിഡന്റിന് പൊതിച്ചോറുകൾ അർഹതപ്പെട്ടവരുടെ കൈകളിലെത്തുന്നതുവരെ വിശ്രമമില്ല.
ക്ഷേമകാര്യ സ്റ്റാന്റിംകമ്മിറ്റി അദ്ധ്യക്ഷൻ മാത്യു പെരുമനങ്ങാടും മറ്റ് അംഗങ്ങളും നേതൃത്വം നൽകുമ്പോൾ സി.ഡി.എസ്.അംഗങ്ങളും സമൂഹ അടുക്കളയിൽ സജീവമാണ് .വ്യാപാരി മുതൽ പൂജാരിവരെയാണ് പാചകക്കാർ. ഓട്ടോ തൊഴിലാളിയായ നിരപ്പേൾ ശശി സ്വന്തം വാഹനം സമൂഹ അടുക്കളയുടെ ഏതാവശ്യത്തിനും വിട്ടുകൊടുക്കാൻ രംഗത്തുണ്ട്. ചോറ്, ഒഴിച്ചുകറി,അച്ചാർ,തോരൻ എന്നിവയാണ് സാധാരണ പൊതിച്ചോറിലെ വിഭവങ്ങൾ. വിശേഷദിവസങ്ങളിലും മറ്റും വിപുലമായ സദ്യയുണ്ടാകും.