കോട്ടയം : ലോക്ക് ഡൗൺ 33 ദിവസത്തിലേയ്‌ക്ക് കടന്നതോടെ ജില്ലയിലെ അരലക്ഷത്തോളം ഓട്ടോ ഡ്രൈവർമാർ കടുത്ത പ്രതിസന്ധിയിൽ. സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധിയുടെ ആനുകൂല്യവും പലർക്കും ലഭിക്കില്ല. ഓട്ടോ ടാക്‌സ് ക്ഷേമനിധി ബോർഡിന്റെ കണക്ക് പ്രകാരം ജില്ലയിൽ 35000ത്തോളം ഓട്ടോ ഡ്രൈവർമാരാണുള്ളത്. ക്ഷേമനിധി ബോർഡിൽ അംഗമല്ലാത്തവർ നിരവധിപ്പേരാണ്. പലർക്കും മറ്റ് വരുമാനമാർഗങ്ങളില്ല. രണ്ടായിരം രൂപയാണ് സർക്കാർ ധനസഹായം അനുവദിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായി ക്ഷേമനിധി അടയ‌്ക്കാത്തതിനാൽ പലർക്കും സഹായം ലഭിക്കുന്നില്ല.

കാരണം ആശയക്കുഴപ്പം

ക്ഷേമനിധി തുക അടയ്‌ക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രധാന കാരണം. ജില്ലയിൽ സർവീസ് നടത്തുന്ന 50 ശതമാനത്തോളം ഓട്ടോറിക്ഷകളും ഓടിക്കുന്നത് ഉടമകൾ തന്നെയാണ്. അഞ്ചു വർഷം കൂടുമ്പോഴാണ് നികുതിയും ക്ഷേമനിധിയും അടയ്‌ക്കുന്നത്. ബാക്കിയുള്ള വർഷം മുഴുവൻ ക്ഷേമനിധി കുടിശികയാണെന്ന് കാണിക്കും. ഇതാണ് സഹായം ലഭിക്കുന്നതിന് തടസമാകുന്നത്.

യൂണിയനുകളും നിസഹായർ

ഓട്ടോ തൊഴിലാളി യൂണിയനുകൾക്കും സഹായം മേടിച്ച് കൊടുക്കുന്നതിൽ ഇടപെടാനാവുന്നില്ല. യൂണിയന് കാര്യമായ ഫണ്ടില്ലാത്തതിനാൽ തങ്ങൾക്ക് ഒരു സഹായവും ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഇവർ കൈമലർത്തുകയാണ്. എന്നാൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സഹായം നൽകി.