കോട്ടയം: അഞ്ചു ദിവസത്തിനുള്ളിൽ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് കോട്ടയം. ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് എത്തിയതോടെ കർശന നിയന്ത്രണങ്ങളുടെ നടുവിലാണ് കോട്ടയം ഇപ്പോൾ. തുടർച്ചയായി 18 ദിവസം കോട്ടയത്ത് കൊവിഡ് രോഗികൾ ആരുമില്ലായിരുന്നു. അതോടെ ഗ്രീൻ സോണിലായി. നിയന്ത്രണങ്ങളിൽ ഇളവും വന്നിരുന്നു. ഏപ്രിൽ 23ന് മൂന്നു പേർ പോസിറ്റീവായി. 24ന് ആരുമില്ല, 25ന് വീണ്ടും മൂന്ന് പേർ, 26ന് അഞ്ചായി , 27ന് ആറായി. സാമൂഹ്യ വ്യാപനമില്ലെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും കൊവിഡ് ബാധിച്ചവരുടെ എണ്ണം ജില്ലയിൽ കുറയുകയല്ല, കൂടുകയാണ്.

ഇപ്പോഴും മാസ്ക്ക് ധരിക്കാതെ!

കോട്ടയം ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിൽ എത്തിയപ്പോഴും മാസ്ക്ക് വെയ്ക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. ആദ്യ ഘട്ടത്തിൽ ഹാൻഡ് വാഷും സോപ്പുലായനിയും ഉപയോഗിച്ചവർ പിന്നീട് അത് ഉപേക്ഷിച്ചു. എ.ടി.എമ്മുകളിലും . ബാങ്ക്- സർക്കാർ ഓഫീസുകളിലും ആദ്യം ഇവ പ്രത്യക്ഷപ്പെട്ടെങ്കിലും ആദ്യ ഘട്ടം കഴിഞ്ഞതോടെ ഇവ നീക്കി. ഈസ്റ്ററും വിഷുവും ആഘോഷിക്കാൻ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് ജനം തെരുവിലിറങ്ങിയത്.

പൊലീസ് അയഞ്ഞു

ആദ്യ ഘട്ടങ്ങളിൽ അനാവശ്യമായി റോഡിലിറങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുത്തും കേസ് രജിസ്ററർ ചെയ്തു ക‌ടുത്ത നിലപാട് സ്വീകരിച്ച പൊലീസും ഇപ്പോൾ ചിലയിടങ്ങളിൽ അയഞ്ഞു. മാസ്ക്ക് ധരിക്കാതെ റോഡിൽ ഇറങ്ങുന്നവർക്കെതിരെ പോലും നടപടി സ്വകരിക്കാതെ ചില കേന്ദ്രങ്ങളിൽ റോഡരികിൽ കസേരയിൽ കാഴ്ചക്കാരുടെ റോളിലാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. അതേസമയം ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത ഉദ്യോഗസ്ഥരുമുണ്ട്. കോട്ടയത്തെ കൊവിഡ് ബാധിതരിൽ മറ്റും ജില്ലകളിൽ നിന്നു വന്നവരാണ് പാതിയിലേറെയും. തമിഴ്നാട്ടിൽ നിന്നു വന്ന അഞ്ചു പേരുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അരഡസൻ വരും. രോഗികളുമായി യാതൊരു സമ്പർക്കവുമില്ലാതെ രോഗം ബാധിച്ച അഞ്ചു പേരുണ്ട്. ഇവരുടെ റൂട്ട് മാപ്പ് തയാറാക്കാൻ കഴിഞ്ഞിട്ടില്ല.

അതിർത്തികൾ അടച്ചു

കോട്ടയം റെഡ് സോണിലെത്തിയതോടെ എറണാകുളം,​ആലപ്പുഴ,​പത്തനംതിട്ട ജില്ലകൾ അതിർത്തികൾ അടച്ചു. അടിയന്തിര ഘട്ടങ്ങളിൽ പ്രത്യേക അനുമതിയോടെയല്ലാതെ ആരെയും അതിർത്തി കടക്കാനോ പ്രവേശിക്കാനോ അനുവദിക്കില്ല. കോട്ടയം ഇടുക്കി ജില്ലകൾ വഴി ആരും പ്രവേശിക്കാതിരിക്കാൻ തമിഴ്നാട്ടിലേക്ക് മണ്ണിട്ട് അതിർത്തി അടച്ചു

കണക്കുകൾ ഇങ്ങനെ

ഏപ്രിൽ 23: 3

ഏപ്രിൽ 24: 0

ഏപ്രിൽ 25: 3

ഏപ്രിൽ 26: 5

ഏപ്രിൽ27: 6