അടിമാലി: അടിമാലിയിലും ജില്ലാ അതിർത്തിയായ നേര്യമംഗലത്തും പരിശോധന കടുപ്പിച്ച് അടിമാലി പൊലീസ്.അപ്രതീക്ഷിതമായി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണമേറിയ സാഹചര്യത്തിലാണ് പരിശോധനയും ജാഗ്രതയും പൊലീസ് ശക്തമാക്കിയിട്ടുള്ളത്.ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് കൃത്യമായ രേഖകളും കാരണവുമില്ലാതെ എത്തുന്ന വാഹനങ്ങൾ പൊലീസ് മടക്കി അയക്കുകയാണ്.അക്ക നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ വാഹനങ്ങൾ പിടിച്ചെടുത്തു.മുഖാവരണം ഇല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെയും നടപടി കടുപ്പിച്ചിട്ടുണ്ട്.ചരക്ക് സാധനങ്ങളുമായി തമിഴ്‌നാട്ടിൽ നിന്നും വാഹനങ്ങൾ കൂടുതലായി അടിമാലിയിൽ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ അത്തരം വാഹനങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് ജാഗ്രത കടുപ്പിച്ച് കഴിഞ്ഞു.വാഹനങ്ങളിൽ എത്തുന്നവരോട് പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.അതേ സമയം നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ടൗണിൽ തിരക്ക് ക്രമാതീതമായി വർധിക്കുകയാണ്.അതിർത്തി മേഖലകളിൽ നിന്നുൾപ്പെടെ അടിമാലി താലൂക്കാശുപത്രിയിൽ രോഗികൾ കൂടുതലായി എത്തുന്നതും ഗൗരവത്തോടെയാണ് നിരീക്ഷിച്ച് പോരുന്നത്.