പാലാ: നഗരസഭയിൽ ലോക്ക് ഡൗൺ കഴിയുംവരെ കമ്മ്യൂണിറ്റി കിച്ചൺ തുടരുമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മറ്റി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകിയ രണ്ടു ദിവസത്തെ ഭക്ഷണത്തിനുള്ള പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപാർട്ടികളും സന്നദ്ധസംഘടനകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി കിച്ചണുമായി സഹകരിക്കണമെന്നും ഇക്കാര്യത്തിൽ യൂത്ത്ഫ്രണ്ടിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക് പലവ്യഞ്ജനങ്ങൾ ഏറ്റുവാങ്ങി .
യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 400 പേർക്ക് മൂന്നു നേരമാണ് നഗരസഭാ അടുക്കള വഴി ഭക്ഷണം നൽകുന്നത്. അരി, റവ, സവാള, വെളിച്ചെണ്ണ, നാളികേരം, കറിപ്പൊടികൾ മൈദ, പച്ചക്കറികൾ തുടങ്ങിയവയാണ് നൽകിയത്. കേരളകോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ, മുനിസിപ്പൽ കൗൺസിലർമാരായ ബിജു പാലുപടവൻ, ബിജി ജോജോ യൂത്ത് ഫ്രണ്ട് ഭാരവാഹികളായ സുനിൽ പയ്യപ്പള്ളി, സന്തോഷ് കമ്പകത്തിങ്കൽ , ഫെലിക്‌സ് വെളിയത്ത്, തോമസുകുട്ടി വരിക്കയിൽ, സിജോ പ്ലാത്തോട്ടം, ബിനു പുലിയുറുമ്പിൽ, ആന്റോ വെള്ളാപ്പാട്, ബിനീഷ് പാറാംതോട് തുടങ്ങിയവർ പങ്കെടുത്തു.