അച്ഛന്റെ ആഗ്രഹം നിറവേറ്റി മക്കൾ
ഇളങ്ങുളം: മരണാനന്തര കർമ്മങ്ങൾ ഒഴിവാക്കി ആ തുക പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കണം! കവിയും ശിൽപ്പിയും തച്ചുശാസ്ത്രവിദഗ്ധനും ചിത്രകാരനുമായ പനമറ്റം പുതിയകത്ത് കേശവൻകുട്ടിയുടെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മക്കളായ പി.കെ.രാധാകൃഷ്ണനും കെ.ബാലചന്ദ്രനും. പിതാവിന്റെ ആഗ്രഹം പോലെ തുക ഇളങ്ങുളത്ത് പ്രവർത്തിക്കുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ സമൂഹ അടുക്കളയിലെ അന്നദാനത്തിനാണ് ചിലവഴിച്ചത്.
ഈ മാസം 17നാണ് പനമറ്റം പുതിയകത്ത് കേശവൻകുട്ടി അന്തരിച്ചത്.മരണാനന്തരം തനിക്കായി ഒരു കർമ്മവും അനുഷ്ഠിക്കരുതെന്നും പൊന്നാടയോ പേരെടുക്കാനായി മേൽവിലാസം തുന്നിച്ചേർത്ത പുഷ്പചക്രങ്ങളോ അർപ്പിക്കരുതെന്നും നേരത്തെ തന്നെ കേശവൻകുട്ടി കുറിപ്പ് തയാറാക്കിയിരുന്നു. സമൂഹഅടുക്കളയിലെ ഒരുദിവസത്തെ ഭക്ഷണചിലവാണ് മക്കൾ വഹിച്ചത്.