കോട്ടയം : കൂടുതൽ പേരിൽ രോഗം സ്ഥിരീകരിക്കുകയും ചിലരിൽ വൈറസ് പകർന്നത് എവിടെ നിന്നെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ സാമ്പിൾ പരിശോധന വിപുലീകരിക്കും. ആരോഗ്യ വകുപ്പ് നിർണയിച്ചിട്ടുള്ള പ്രോട്ടോക്കോൾ പ്രകാരം പ്രതിദിനം ഇരുന്നൂറു സാമ്പിളുകൾ വരെ ശേഖരിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവർക്കു പുറമെ ഗർഭിണികൾ, വയോജനങ്ങൾ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളിലും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.