കോട്ടയം : കൊവിഡ് വ്യാപനസാഹചര്യത്തിൽ ആളുകളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ആയുർവേദ, ഹോമിയോ പ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നീ ആശുപത്രികൾ മുഖേന ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർ, പൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപന ജീവനക്കാർ, ബാങ്ക് ജീവനക്കാർ തുടങ്ങി അവശ്യസേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് മരുന്ന് നൽകുക. ആയുർവേദ പ്രതിരോധ മരുന്ന് ആവശ്യമുള്ളവർ 9447361398 എന്ന നമ്പറിൽ വാട്‌സ് ആപ്പ് സന്ദേശം അയയ്ക്കുകയോ, dahktm2012@gmail.com എന്ന ഇ-മെയിലിലോ വിവരം നൽകാം. ഹോമിയോ പ്രതിരോധ മരുന്ന് ആവശ്യമുള്ളവർക്ക് വാട്സ് ആപ്പ് : 9446416058. ഇമെയിൽ : ghhkottayam@kerala.gov.in. മരുന്ന് ആവശ്യമുള്ള സ്ഥാപനങ്ങൾ 30 ന് വൈകിട്ട് 5 ന് മുൻപായി മരുന്ന് ആവശ്യമുള്ള ആളുകളുടെ അഡ്രസ്, വയസ് , ഫോൺ നമ്പർ ഉൾപ്പെടുത്തി മരുന്ന് എത്തിച്ചു തരേണ്ട സ്ഥലം കാണിച്ചാണ് ആവശ്യം അറിയിക്കേണ്ടത്.