കോട്ടയം: നാലുദിവസം കൊണ്ട് 17 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ഗ്രീൻ സോണിൽനിന്നും റെഡ് സോണിലേക്ക് മാറിയ കോട്ടയം, ഇടുക്കി ജില്ലകളിൽ കൂടുതൽ ഹോട്സ് സ്പോട്ടുകൾ പ്രഖ്യാപിച്ചേക്കും. രോഗം അതിവേഗം പടരുന്നതോടെയാണ് കൂടുതൽ പ്രദേശങ്ങൾ കടുത്ത നിരീക്ഷണത്തിലാക്കാൻ ആരോഗ്യവകുപ്പ് ചിന്തിക്കുന്നത്. കോട്ടയത്ത് വിജയപുരം, മണർകാട്, അയർക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂർ, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപഞ്ചായത്തുകളിലും കോട്ടയം മുനിസിപ്പാലിറ്റിയിലെ 2,16,18, 20. 29 വാർഡുകളും ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 22-ാം വാർഡും ഇപ്പോൾ ഹോട്സ്പോട്ടിലാണ്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ, ഇരട്ടയാർ, ചക്കുപള്ളം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും ഹോട്ട്സ്പോട്ടിലാണ്.
അതിർത്തികൾ അടച്ച് അയൽ ജില്ലകൾ കോട്ടയം ഒറ്റപ്പെട്ട നിലയിൽ
കോട്ടയം: ജില്ലയുമായി അതിർത്തി പങ്കിടുന്ന പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലേക്കുള്ള വഴികളിൽ പരിശോധന ശക്തമാക്കി. കോട്ടയത്തുനിന്നും എത്തുന്ന വാഹനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. ഈ ജില്ലകളിലേക്കുള്ള ഇടവഴികൾ പോലും അടച്ചുകഴിഞ്ഞു.
പൊലീസ് പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ജനങ്ങൾ ഇടവഴികളിലൂടെ അയൽ ജില്ലകളിലേക്ക് പോവുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഊടുവഴികൾ അടയ്ക്കാൻ പൊലീസ് തയാറായത്. ചെറിയ ഇടവഴികളിൽ മണ്ണ് ഇട്ടാണ് ഗതാഗതം നിയന്ത്രിച്ചിട്ടുള്ളത്. ഇടുക്കി ജില്ലകളിലും ഊടുവഴികൾ അടച്ചിട്ടുണ്ട്. കോവിഡ് പടരുന്ന തമിഴ്നാട്ടിൽ നിന്നും ആളുകൾ എത്താതിരിക്കുന്നതായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. വനത്തിനുള്ളിലൂടെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തമിഴാനാട്ടിൽ നിന്നും എത്തുന്നത് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്നും കൂടുതൽ ആളുകൾ കേരളത്തിലെത്തിയെങ്കിലും ഇപ്പോൾ ആ ഒഴുക്ക് തടഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോഴും ആളുകൾ വനത്തിനുള്ളിലൂടെ നടന്ന് ഏലത്തോട്ടങ്ങളിൽ ജോലിക്കായി എത്തുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളേജ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഇപ്പോൾ 17 കോവിഡ‌് ബാധിതരാണ് ചികിത്സയിലുള്ളത്. കൂടാതെ ആറ് പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.
കൊറോണ സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റാൻ താമസിച്ചു
നാട്ടുകാർ ഭയപ്പാടിന്റെ നിഴലിൽ
കോട്ടയം: കോവിഡ്-19 സ്ഥിരീകരിച്ച പനച്ചിക്കാട്, മണർകാട്, മുട്ടമ്പലം എന്നിവിടങ്ങളിലെ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയതിനെ തുടർന്ന് വിവാദം ശക്തമായിരുന്നു. ആംബുലൻസ് കിട്ടാൻ താമസിച്ചതാണ് ഇതിന് കാരണമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും നാട്ടുകാർ അത് മുഖവിലക്കെടുക്കാൻ കൂട്ടാക്കിയില്ല. പൊതുപ്രവർത്തകരും ഇതിനെതിരെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. മൂന്നര മണിക്കൂറോളം കഴിഞ്ഞാണ് ആംബുലൻസ് എത്തി ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ താമസിച്ചതോടെ അവിടെ നാട്ടുകാർ കൂടുതലായി എത്തിയിരുന്നു. അവരാണ് ഇപ്പോൾ ഭീതിയുടെ നിഴലിൽ കഴിയുന്നത്.