കോട്ടയം : ലോക്ക് ഡൗൺകാലത്തെ പ്രധാന കലയായി പാചക പരീക്ഷണം മാറിയതോടെ മദ്ധ്യകേരളത്തിലെ വീടുകളിൽ ഇറച്ചി ഉപഭോഗവും ഉയർന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള നോമ്പായതിനാൽ ഇറച്ചി ഉപയോഗിക്കുന്നവരുടെ എണ്ണം കുറയേണ്ടതായിരുന്നെങ്കിലും ഇക്കുറി മറിച്ചായിരുന്നു അനുഭവം. അതേസമയം തമിഴ്നാട്ടിൽ നിന്നുള്ള മാട് വരവ് നിലച്ചതോടെ ബീഫിന്റെ ലഭ്യത കുറഞ്ഞിട്ടുണ്ട്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഇറച്ചിക്കടയ്ക്ക് മുന്നിലെ തിരക്ക് എന്നും രാവിലെയുള്ള പതിവ് കാഴ്ചയാണിപ്പോൾ. കോഴിയ്ക്ക് കിലോയ്ക്ക് 45 രൂപവരെയായി താഴ്ന്നപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പിറ്റേന്ന് അറുപതിലെത്തിയ വില ഇപ്പോൾ നൂറിന് മേലെയാണ്. ലോക്ക് ഡൗൺ കാലത്ത് യു ട്യൂബ് നോക്കി പാചക പരീക്ഷണം നടത്തുന്നവരാണ് അധികവും.
കോഴിക്ക് മാത്രമല്ല ബീഫിനും പോർക്കിനും മദ്ധ്യേകേരളത്തിൽ ഡിമാൻഡ് കൂടിയിട്ടുണ്ട്. ഹോട്ടലുകളും ബാറുകളും ഷാപ്പുകളും അടഞ്ഞു കിടക്കുന്നതിനാൽ വീടുകളിൽ ഇറച്ചി പാകം ചെയ്യുന്നവരുടെ എണ്ണം പെരുകി. നോൺ വെജ് പരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുന്നതും ഇപ്പോൾ ട്രെൻഡാണ്. അതേസമയം ലഭ്യത കുറഞ്ഞതും നല്ല ഇറച്ചി കിട്ടാനില്ലാത്തതും ബീഫ് പ്രേമികളെ നിരാശയിലാക്കിയിട്ടുണ്ട്. ചന്ത അടച്ചതോടെ തമിഴ്നാട്ടിലെ വീടുകളിൽ നിന്ന് വാങ്ങുന്ന മാടുകളാണ് ഇപ്പോൾ. പശു, കാള, മൂരി എന്നിവയേയും അറക്കുന്നുണ്ട്.
മൂന്ന് ജില്ലകളിലായി വേണ്ടത് ആഴ്ചയിൽ 500 ടൺ ബീഫ്
ലോക്ക് ഡൗണിലെ ഇറച്ചി പ്രിയം
ബീഫിന് പുറമെ ചിക്കനും പോർക്കിനും വൻ ഡിമാൻഡ്
ഹോട്ടൽ വിഭവങ്ങൾ വീട്ടിൽ പാകം ചെയ്യാൻ തുടങ്ങി
മീൻ വിഭവങ്ങളുടെ ദൗർലഭ്യം ഡിമാൻഡ് കൂട്ടി
'' കന്നുകാലികളെ ഇപ്പോൾ കിട്ടാനില്ല. വൻ വിലകൊടുത്ത് തമിഴ്നാട്ടിലെ വീടുകളിൽ നിന്ന് മാടുകളെ എത്തിക്കുകയാണ്. അതിർത്തി ചെക്ക് പോസ്റ്റുകളിലും കൊള്ളയ്ക്ക് കുറവില്ല''
മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോ.