അധികൃതരുടെ അനാസ്ഥയെന്ന് യു.ഡി.എഫ്
കോട്ടയം : കൊവിഡ് സ്ഥിരീകരിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയ സംഭവം സർക്കാരിനെതിരെ അടിക്കാനുള്ള വടിയാക്കി യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തി. ജനങ്ങൾ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചിട്ടും ജില്ല റെഡ് സോണിലായത് അധികൃതരുടെ അനാസ്ഥകൊണ്ടാണെന്ന ആരോപണവുമായാണ് യു.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്. പരിശോധനാഫലം മണിക്കൂറുകളോളം രോഗിയെ അറിയിക്കാതിരുന്നതും ചികിത്സ വൈകിപ്പിച്ചതിനുമെതിരെ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ,തിരുവഞ്ചൂർ രാധാകൃഷ്ണൻ , തോമസ് ചാഴികാടൻ എം.പി എന്നിവരും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ യു.ഡി.എഫ് നേതാക്കൾക്കളെ വിമർശിച്ച് കളത്തിലിറങ്ങിയതോടെ കൊവിഡ് കാലത്തും രാഷ്ട്രീയ പോർവിളി കൊഴുത്തു.
റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിൽ വീഴ്ച : ഉമ്മൻചാണ്ടി
കോട്ടയം മെഡിക്കൽ കോളേജിലും പുതുപ്പള്ളി ഇന്റർ യൂണിവേഴ്സിറ്റ് സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച്ചിലും വിശദപരിശോധനയ്ക്കുള്ള സൗകര്യമുണ്ടായിട്ടും ആവശ്യം വേണ്ട റാപ്പിഡ് ടെസ്റ്റ് നടത്തുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. കോട്ടയത്ത് പ്രതിരോധ പ്രവർത്തനങ്ങളോട് ജനങ്ങൾ നന്നായി സഹകരിച്ചിട്ടുണ്ട്. എന്നിട്ടും രോഗം വർദ്ധിക്കുന്നത് ഗുരുതര പ്രശ്നമായി കാണണം. റാപ്പിഡ് ടെസ്റ്റ് വർദ്ധിപ്പിച്ച് രോഗ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതര വീഴ്ചയെന്ന് തിരുവഞ്ചൂർ
വീട്ടിൽ നിരീക്ഷണത്തിനിടയിൽ കൊവിഡ് ബാധിതരായ മൂന്നു പേരെ ആശുപത്രിയിലാക്കാൻ മണിക്കൂറുകൾ വൈകിയത് ഗുരുതര വീഴ്ചയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുറ്റപ്പെടുത്തി. രോഗവ്യാപനം തടയാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ ദുഷ്ടലാക്കെന്ന് വാസവൻ
രോഗികളെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന ആരോപണം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ നിഷേധിച്ചു. രോഗിക്കു പരാതിയില്ല. ചിലരുടെ രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇതിന് പിന്നിൽ. പ്രതിരോധം മികച്ചതായതിനാലാണ് കോട്ടയം ഗ്രീൻ സോണിൽ എത്തിയതും രോഗവ്യാപനം തടയാൻ കഴിഞ്ഞതുമെന്നും അദ്ദേഹം പറഞ്ഞു.