കോട്ടയം: ഇന്നലെ പുതുതായി ഒരാൾക്കും രോഗം സ്ഥിരീകരിക്കാത്തത് പ്രതീക്ഷ നൽകുമ്പോൾ പ്രതിരോധപ്രവർത്തനങ്ങൾ കർശനമാക്കി ജില്ലാഭരണകൂടം. ജില്ലയിലേയ്ക്കും പുറത്തേക്കുമുള്ള പ്രവേശനം നിരോധിച്ചു. അതിർത്തി മേഖലകളിൽ പ്രവർത്തിക്കുന്ന 14 ചെക്ക് പോസ്റ്റുകളിൽ പൊലീസ്, റവന്യൂ, മോട്ടോർ വാഹനം, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജാഗ്രതയോടെ കാവലുണ്ട്.
രോഗബാധിതരുടെ വീടുകൾ ഉൾപ്പെടുന്ന കണ്ടെയ്ൻമെന്റ് മേഖലകളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും പ്രത്യേക പൊലീസ് പോസ്റ്റുകൾ ഏർപ്പെടുത്തുകയും ചെയ്തു. ഈ മേഖലകൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പരുകളുമുണ്ട്. കണ്ടെയ്ൻമെന്റ് മേഖലകളിൽ ജനങ്ങൾക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾ എത്തിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേന വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഈ സേവനത്തിനും ഹെൽപ്പ്‌ലൈൻ സൗകര്യമുണ്ട്. ആരോഗ്യ സ്ഥാപനങ്ങളിൽ അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. പുതുതായി സാമ്പിൾ ശേഖരണ സംവിധാനവും നടപ്പിക്കിയിട്ടുണ്ട്.
നടപടികൾ ഇങ്ങനെ
ഹോട്ട്‌സ്‌പോട്ടുകളിൽ പൊലീസ് നീരീക്ഷണം ശക്തം
ജില്ലയിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ കർശന നിയന്ത്രണം
ലംഘിക്കുന്നവർക്കെതിരെ കേസ്, വാഹനങ്ങൾ പിടിച്ചെടുക്കും
ഇവർക്ക് മുൻഗണന
രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവർ, രോഗലക്ഷണങ്ങൾ ഉള്ളവർ, ആരോഗ്യപ്രവർത്തകർ, ഗർഭിണികൾ, വയോജനങ്ങൾ തുടങ്ങി പ്രത്യേക വിഭാഗങ്ങളിലുള്ളവരുടെ സാമ്പിൾ പരിശോധനയ്ക്കാണ് മുൻഗണന.
രോഗം സ്ഥിരീകരിച്ചവരിൽ പലരും ആശുപത്രികൾ സന്ദർശിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്ന് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ ക്വാറന്റയിനിലാക്കുന്നതിനും സ്രവം പരിശോധിക്കുന്നതിനും നടപടി സ്വീകരിച്ചു. അണുനശീകരണം നടത്തിയശേഷമാണ് ആരോഗ്യ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിച്ചത്.
കൂടുതൽ പോസിറ്റീവ് കേസുകളുണ്ടായാൽ ചികിത്സ ലഭ്യമാക്കാൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ നിശ്ചിത ശതമാനം സൗകര്യങ്ങൾ ഗുരുതരാവസ്ഥയിലാകുന്നവരുടെ പരിചരണത്തിനായി കരുതിവച്ചിരിക്കുന്നു'' പി.കെ.സുധീർബാബു, കളക്ടർ
4 സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾക്ക് പുറമേ 6 മൊബൈൽ സാമ്പിൾ യൂണിറ്റുകൾ
ജില്ലയിൽ 1040 പേർ വീടുകളിൽ നിരീക്ഷണത്തിൽ
പ്രത്യേക കൊവിഡ് കെയർസെന്ററിൽ 18 പേർ