ജനറൽ ആശുപത്രിയിൽ ഇന്നലെ 30 പേരുടെ സ്രവം പരിശോധനയ്‌ക്കെടുത്തു
പാലാ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ പാലായിൽ ഊർജ്ജിതമാക്കി. ജില്ലാ മെഡിക്കൽ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ്, പൊലീസ്, റവന്യൂ വിഭാഗങ്ങൾ സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ജനറൽ ആശുപത്രിയിൽ ഇന്നലെ 30 പേരുടെ സ്രവം പരിശോധനയ്‌ക്കെടുത്തു. രോഗലക്ഷണങ്ങൾ സംശയിക്കപ്പെടുന്നവരടേത് ഉൾപ്പെടെയാണിത്. കൊവിഡ് ബാധിച്ചവരിൽ നിന്ന് അകന്ന സമ്പർക്കമുണ്ടായവരുടെയും ചില ഗർഭിണികളടേയും സ്രവവും ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കും. ഇതിനിടെ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യ നില വഷളായി കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലെ കൊവിഡ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ആളുടെ സ്രവവും ഇന്നലെ പരിശോധനയ്ക്കയച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ഇദ്ദേഹം പാലാ സ്വദേശിയാണ്. ഇതിന്റെ ഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും.
മേലുകാവ് സ്വദേശിയെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നും ഈരാറ്റപേട്ടയിലേക്ക് അരിയുമായെത്തിയ മഹാരാഷ്ട്ര സ്വദേശികളുടെ ലോറി നെല്ലാപ്പാറ ജില്ലാ അതിർത്തിയിൽ തടഞ്ഞു പരിശോധിച്ചു. തെർമ്മൽ പരിശോധനയിൽ വാഹനത്തിലുണ്ടായിരുന്ന 3 പേരിൽ ഡ്രൈവർക്ക് പനി കണ്ടെത്തിയതോടെ പാലാ ജനറൽ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചു. പിന്നീട് നടന്ന വിശദമായ പരിശോധനയിൽ തെർമ്മൽ മീറ്റിലെ പാകപ്പിഴയാണ് ഇതെന്നും പനിയില്ലെന്നും കണ്ടെത്തി. ഇവരുടെയും സ്രവങ്ങൾ പരിശോധനക്കെടുത്തു. അരിയും വാഹനവും അണുവിമുക്തമാക്കി ഈരാറ്റപേട്ടയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് മാറ്റും.
8 കേസുകൾ
നഗരത്തിൽ പൊലീസ് പരിശോധനകൾ കർശനമാക്കിയിരുന്നു. 12 ഓളം സ്ഥലങ്ങളിൽ കർശന പരിശോധന നടന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 8 കേസുകളെടുത്തു. പാലാ,രാമപുരം എന്നിവിടങ്ങളിൽ 3 കേസുകളും കിടങ്ങൂരിൽ 2 കേസുകളുമെടുത്തിട്ടുണ്ട്.